സിപിഎമ്മിന്‍റെ ദുരൂഹമായ മൗനം, ജി സുധാകരന് നന്ദി പറഞ്ഞ് ശോഭാസുരേന്ദ്രന്‍റെ ഫേസ് ബുക് പോസ്റ്റ്

Advertisement

ആലപ്പുഴ. മോദിജിയെ കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി പറഞ്ഞ് ശോഭാസുരേന്ദ്രന്‍റെ ഫേസ് ബുക് പോസ്റ്റ്. സിപിഎമ്മിന്‍റെ ജാതിപ്രീണനത്തിനും അധികാര ധാര്‍ഷ്ട്യത്തിനും അഹന്തക്കുമെതിരായി ജി സുധാകരന്‍ 24ചാനലിലൂടെ നടത്തിയ പ്രതികരണം സിപിഎമ്മില്‍ വലിയ കലാപമാണ് അഴിച്ചുവിടുന്നത്. മോദിഭരണത്തിന്‍ർറെ കെട്ടുറപ്പിനെയും അഴിമതി രാഹിത്യത്തേയും സുധാകരന്‍ അഭിനന്ദിച്ചിരുന്നു. ആലപ്പുഴയില്‍ ബിജെപി നേടിയ വളര്‍ച്ചയെപ്പറ്റിയും സുധാകരന്‍ പരാമര്‍ശിച്ചിരുന്നു. വിപ്ളവം പെട്ടിമുളച്ച സ്ഥലങ്ങളില്‍ ബിജെപി ഒന്നാമതെത്തിയത് എങ്ങിനെയെന്ന അദ്ദേഹം ചോദിക്കുന്നു. ജാതിയും മതവും നോക്കാതെ ജനത്തെ വോട്ടു ചെയ്യാന്‍ പഠിപ്പിച്ച സിപിഎമ്മിന്‍റെ പതനം സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോദിയെ അഭിനന്ദിച്ചതിന് നന്ദി പറയുന്ന ശോഭ സുരേന്ദ്രന്‍ സുധാകരന്‍റെ ധാര്‍മ്മികതയെ അഭിനന്ദിക്കുന്നുണ്ട്. ജീവഭയം മാറ്റിവച്ച് പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന നേതാക്കള്‍ക്ക് ബിജെപി സംരക്ഷണം നല്‍കുമെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. സിപിഎമ്മിനെ ഇളക്കിമറിക്കുന്ന ജി സുധാകരന്‍റെ പ്രതികരണത്തോട് സിപിഎം നേതൃത്വം പുലര്‍ത്തുന്നത് ദുരൂഹമായ മൗനമാണ്.

ശോഭയുടെ ഫേസ് ബുക് പോസ്റ്റ് ഇങ്ങനെ

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് മുൻ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.

ജനാധിപത്യത്തിൽ ഭയരഹിതമായി പ്രവർത്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. എന്നാൽ സിപിഎം അത് നൽകുന്നില്ലെന്ന് യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോൾ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ ഞാൻ അങ്ങയോടൊപ്പമാണ്. എന്ന് ശോഭ അവസാനിപ്പിക്കുന്നു.

തിരുത്തല്‍ ശക്തിയായതോടെ സിപിഎം രാഷ്ട്രീയ വനവാസത്തിനയച്ച ജി സുധാകരന്‍ തനിക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് ചെയ്തത്.