കുവൈറ്റിലെ അഗ്നിബാധയില്‍ മരിച്ചവര്‍ ആടുജീവിതം പ്രൊഡ്യൂസറായ ഈ മലയാളിയുടെ കമ്പനിയിലുള്ളവര്‍

Advertisement

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവര്‍ തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ കമ്പനിയിയിലുള്ളവര്‍. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസി ഗ്രൂപ്പിന്റെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.

കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

കേരളത്തിലെ ഒട്ടേറെ പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാം. കെജിഎ എന്നറിയപ്പെടുന്ന എബ്രഹാം, 1977 മുതല്‍ കുവൈറ്റ് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. പെട്രോള്‍ അനുബന്ധ വ്യവസായങ്ങളില്‍. മിഡില്‍ ഈസ്റ്റിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രൊജക്ടുകളുണ്ട്. എഞ്ചിനീയറിംഗ്, നിര്‍മ്മാണം, കരാര്‍, വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ മാര്‍ക്കറ്റിംഗ് രംഗത്തുകൂടി അദ്ദേഹത്തിന്റെ കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ആടുജീവിതം’ എന്ന ചിത്രത്തിന് ഫണ്ട് നല്‍കിയ വ്യക്തി കൂടിയാണ് എബ്രഹാം.

കെ ജി എബ്രഹാമിന്റെ കുവൈറ്റിലെ മംഗഫിലെ ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടുത്തത്തില്‍ 49 പേരാണ് മരിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നിന്നുമുള്ള 200 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവിടെ തൊഴിലാളികളെ താമസിപ്പിച്ചിരുന്നത് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

പ്രാദേശിക സമയം പുലര്‍ച്ചെ 4:30 ഓടെ ലേബര്‍ ക്യാമ്ബിന്റെ അടുക്കളയില്‍ ആരംഭിച്ച തീ അതിവേഗം മുകളിലത്തെ നിലകളെ ബാധിക്കുകയായിരുന്നു. ജനാലകള്‍ കാരണം താമസക്കാര്‍ മുറികളില്‍ രക്ഷപ്പെടാനാകാതെ കുടുങ്ങിയത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.