കൊച്ചി കണ്ണീർ പാടമായി;ചേതനയറ്റ് നാടണഞ്ഞവരെ ചേർത്ത് പിടിച്ച് കേരളം

Advertisement

സ്റ്റീഫന്‍

കൊച്ചി: തീയായി പെയ്തിറങ്ങിയ ദുര്‍വിധിയില്‍ കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിൽ സ്വപ്നങ്ങളുടെ ചിറകു കരിഞ്ഞുവീണ പ്രീയപ്പെട്ടവർ ചേതനയറ്റ് നാടണഞ്ഞു. ഉള്ളൂരുകുന്ന വേദനയോടെ ഭൗതീക ശരീരം ഏറ്റുവാങ്ങാൻ ഉറ്റവരെത്തി.അഗ്നി ദുരന്തത്തിൽ ചേതനയറ്റ് മടങ്ങിയവരെ വരവേല്ക്കാൻ ജന്മനാട് ഒന്നിച്ചു നിന്ന കാഴ്ചയാണ് കൊച്ചിയിൽ കണ്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സംസ്ഥാനം ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് പോലീസ് ഗാഡ് ഓഫ് ഓണർ നൽകി സംസ്ഥാനത്തിൻ്റെ ആദരമർപ്പിച്ചു.തുടർന്ന് പ്രത്യകം തയ്യാറാക്കിയ വേദിയിൽ പൊതുദർശനം.

മുഖ്യമന്ത്രി പിണറായി വിജയൻ ,കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ,മന്ത്രിമാരായ കെ.രാജൻ, പി രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ആൻറ്റോ ആൻറണി എംപി, എന്നിവർ വിമാനത്താവളത്തിൽ അത്യാഞ്ജലി അർപ്പിക്കാനെത്തി. 23 മലയാളികളുടെയും 7 തമിഴ്നാട് സ്വദേശികളുടെയും ഒരു കർണ്ണാടക സ്വദേശിയുടെയും ഭൗതീക ശരീരങ്ങളാണ് എത്തിച്ചത്. മൃതദേഹം പോലീസ് അകമ്പടിയോടെയാണ് വീടുകളിലേക്കയച്ചത്. അന്യസംസ്ഥാനക്കാരുടെ ഭൗതീക ശരീരങ്ങൾക്ക് സംസ്ഥാനർത്തി വരെ കേരള പോലീസ് അകമ്പടിയേകും.


അരുണ്‍ ബാബു (തിരുവനന്തപുരം), നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍), തോമസ് ഉമ്മന്‍ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ) ആകാശ് എസ്. നായര്‍ (പത്തനംതിട്ട), രഞ്ജിത് (കാസര്‍കോട്), സജു വര്‍ഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസര്‍കോട്), സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയന്‍ (മലപ്പുറം), കുപ്പന്‍ പുരയ്ക്കല്‍ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജന്‍ ജോര്‍ജ് (കൊല്ലം), പി.വി. മുരളീധരന്‍ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍), ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പന്‍ നായര്‍, സുമേഷ് പിള്ള സുന്ദരന്‍, അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, സിബിന്‍ തേവരോത്ത് ഏബ്രഹാം, ഷിബു വര്‍ഗീസ്, ഡെന്നി ബേബി എന്നിവരാണ് കുവൈറ്റിൽ മരിച്ച മലയാളികൾ.