തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസ ലോകത്തുണ്ടായതിൽ ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കുവൈത്ത് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മരിച്ചവർക്ക് അനുശോചനം അറിയിച്ചത്.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ കുവൈത്ത് യാത്രയെ വിലക്കിയ കേന്ദ്രനടപടിയെ മുഖ്യമന്ത്രി അപലപിച്ചു. മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്‌കാരമാണ്. കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി ഔചിത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
പരുക്കേറ്റ് കിടക്കുന്നവരെ കാണുകയെന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് മന്ത്രിയെ അയച്ചത്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. ക്ലിയറൻസ് ഇല്ലെന്നാണ് കേന്ദ്രം നൽകിയ മറുപടി. മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പ് വേണം. ഇതിന് കുവൈത്ത് സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.