പാലക്കാട്. പന്നിയങ്കര ടോൾ പ്ലാസ്സയിൽ ജൂലൈ 1 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ ടോൾ പ്ലാസ്സയിലെ വിവിധ സ്ഥലങ്ങളിൽ പതിച്ചു. 2022 മാർച്ച് 9 ന് ടോൾ പിരിവ് ആരഭിച്ചത് മുതൽ പ്രദേശത്തെ ആറ് പഞ്ചായത്തുകളിലുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ സൗജന്യമായാണ് സർവ്വീസ് നടത്തിവരുന്നത്.
ടോൾ പിരിവ് ആരംഭിക്കുമ്പോൾ തന്നെ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാനുള്ള നീക്കം നടന്നെങ്കിലും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
പിന്നീട് ജനപ്രതിനിധികൾ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് പ്രദേശവാസികളിൽ നിന്നും തല്ക്കാലം ടോൾ പിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരുന്നു.
നിലവിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലുള്ളവർക്കും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കുമാണ് തിരിച്ചറിയൽ രേഖ കാണിച്ചാൽ ടോൾ നല്കാതെ കടന്ന് പോകാനുള്ള സൗകര്യമുള്ളത്.
ആദ്യം വ്യക്തികളുടെ തിരിച്ചറിയൽ രേഖയാണ് കാണിച്ചിരുന്നതെങ്കിൽ സമീപകാലത്ത് വാഹനത്തിൻ്റെ ആർ സി ബുക്ക് വേണമെന്ന തീരുമാനം വന്നിരുന്നു.
എന്നാൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്നും അവർ പ്രതിമാസം 340 രൂപ അടച്ച് മാസപാസ് എടുക്കണമെന്നാണ് ടോൾ കമ്പനി അധികൃതരുടെ നിലപാട്.
പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരാനാണ് സാധ്യത.
കഴിഞ്ഞ ദിവസം സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വച്ചിരുന്നു