ഭൂചലനത്തിൽ ഞെട്ടി നാട്ടുകാര്‍, ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

Advertisement

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വിവിധയിടങ്ങളിൽ ഭൂചലനം. 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. പ്രത്യേക ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് പരിശോധന നടത്തി.


ഇന്നു രാവിലെ 8:15 ആയിരുന്നു മൂന്നു മുതൽ നാലു സെക്കൻഡ് വരെ നീണ്ടുനിന്ന ഭൂചലനം. വലിയ ശബ്ദത്തോടെയുടെ പ്രകമ്പനം. അടുക്കളയിൽ ഇരുന്ന പാത്രങ്ങടക്കം നിലത്തുവീണു. ജനൽ പാളികൾ ഇളകി. പരിഭ്രാന്തരായവർ വീടിനു പുറത്തേക്കടക്കം ഇറങ്ങിയോടി.


തൃശ്ശൂരിൽ പഴയന്നൂർ മുതൽ മുണ്ടൂർ വരെയും പാലക്കാട് തൃത്താല മണ്ഡലത്തിലും കൂറ്റനാട്, തിരുമിറ്റക്കോട്, മുണ്ടൂർ ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സ്ഥിരീകരിച്ച ജില്ലാ ഭരണകൂടം ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു. ഭൂചലന മേഖലകളിൽ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെയും നിയോഗിച്ചു. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിദഗ്ധരും പറഞ്ഞു.