കനത്ത തോൽവി മണ്ഡലാടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കാൻ സിപിഎം

Advertisement

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മണ്ഡലാടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം.
കാല കാലങ്ങളായി പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായത് തോൽവിയുടെ ആക്കം കൂട്ടിയെന്ന് ഇന്നലെ ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റിൽ ചർച്ചയുണ്ടായി. മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കാണ് സിപിഐഎം തീരുമാനം. പത്തനംതിട്ട അടക്കം വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്ന ഇടങ്ങളിൽ അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.ഇതുൾപ്പെടെ തിരുത്തൽ നടപടികളുടെ മാർഗ്ഗരേഖ തയ്യാറാക്കാനും ധാരണയായി.

ഇന്നത്തെ സെക്രട്ടറിയേറ്റിനു ശേഷം നാളെ മുതൽ നടക്കുന്ന സംസ്ഥാനം കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയേക്കും. ജില്ലാ കമ്മറ്റികളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളും സംസ്ഥാന നേതൃയോഗം ചർച്ച ചെയ്യുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് മിക്ക ജില്ലാ കമ്മിറ്റികളും വൻ തോൽവിയുടെ മുഖ്യ കാരണമായി വിലയിരുത്തുന്നത്.