വാർത്താനോട്ടം

Advertisement

2024 ജൂൺ 17 തിങ്കൾ

🙏ത്യാഗവും സമര്‍പ്പണവും ഓര്‍മിപ്പിച്ച് കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ബക്രീദാശംസകള്‍.🙏

BREAKING NEWS

👉 നാടെങ്ങും പെരുന്നാൾ ആഘോഷം. ഈദ് ഗാഹുകളിലും പളളികളിലും വിശ്വാസികൾ പ്രാർത്ഥനയ്ക്കെത്തി.

👉ബാലരാമപുരത്ത് സുഹൃത്തിനെ വെട്ടി കൊന്ന കേസിലെ പ്രതി പിടിയിൽ

🌴കേരളീയം🌴

🙏 കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 കുവൈത്തിലെ ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ചാവക്കാട് നഗരസഭ 20 ന് യോഗം ചേര്‍ന്ന് അജണ്ട അംഗീകരിക്കുമെന്നും പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദുവും വ്യക്തമാക്കി.

🙏 വടകര തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവാദമായ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് മുന്‍എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.

🙏 വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുന്‍ എം.എല്‍.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും പോസ്റ്റ് പിന്‍വലിച്ചതോടെ അവരുടെ പങ്ക് കൂടുതല്‍ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

🙏 ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് താന്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏 ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു.

🙏 ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കടക്കം പാസ്പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലിനെ പ്രതി ചേര്‍ത്തത്.

🙏 തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളില്‍ ഞായറാഴ്ച പുലര്‍ച്ചെ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാവിലെയും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

🙏 തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലനെ പട്ടാമ്പിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിച്ചത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

🙏 ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി
കുമാര്‍ കൃത്യം നടത്തിയതിനുശേഷം ഒളിവില്‍പോയി.

🙏 ഇടുക്കി പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകള്‍ക്കും തീയിട്ടു. ഭാര്യ മാതാവിനെ കൊല്ലാന്‍ ആയിരുന്നു രണ്ടാമതായുണ്ടായ ആക്രമണമെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു.

🙏 കോയമ്പത്തൂര്‍ മധുക്കരയില്‍ മലയാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 4 പേര്‍ അറസ്റ്റില്‍. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖും സുഹൃത്തുക്കളുമാണ് മുഖംമൂടി സംഘത്തിന്റെ ആക്രമത്തിനിരയായത്. അറസ്റ്റിലായ 4 പേരില്‍ രണ്ട് പേര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്.

🙏 അമിതമായി പൊറോട്ട നല്‍കിയതിന് പിന്നാലെ കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്ളയുടെ ഫാമിലെ അഞ്ച് പശുക്കള്‍ ചത്തു. അബ്ദുള്ളയുടെ ഫാമില്‍ 35 പശുക്കളാണുണ്ടായിരുന്നത്. നിലവില്‍ ഒമ്പത് പശുക്കള്‍ ചികിത്സയിലാണ്.

🇳🇪 ദേശീയം 🇳🇪

🙏 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷര്‍ക്കോ നിര്‍മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്.

🙏 ലോക്സഭയില്‍ ഈമാസം 26നു നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. സ്പീക്കര്‍ പദവിയില്‍നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തുകയും എന്‍ഡിഎയില്‍ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

🙏 കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകരമാകുമെന്നും മൂന്ന് രൂപ വില വര്‍ധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

🙏 പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം , 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

🙏 കുടിവെള്ളക്ഷാമത്തില്‍ ദില്ലി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മുന്‍ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ഇടയിലാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്.

🙏മധ്യപ്രദേശിലെ മദ്യ നിര്‍മ്മാണ ശാലയില്‍ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തില്‍ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു.

🙏 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററിലായിരിക്കും സര്‍വീസുകള്‍.

🙏 പശുക്കളെ കടത്തിയെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ. കുറ്റം ആരോപിച്ച് ആറ് യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പരിക്കറ്റ ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഡോക്ടറുടെ കാറിനു നേരെയും ആക്രമണമുണ്ടായി. നഗരത്തില്‍ വ്യാപകമായി ഒരു വിഭാഗത്തിന്റെ കടകള്‍ തല്ലിത്തകര്‍ത്തു. ഇതിന് നേതൃത്വം നല്‍കിയ ബിജെപി മേദക് ജില്ലാധ്യക്ഷന്‍ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെ അറസ്റ്റ് ചെയ്തു.

🙏 മധ്യപ്രദേശിലെ മാണ്ട്ലയില്‍ ഫ്രിഡ്ജില്‍ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകള്‍ ഇടിച്ചു നിരത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായാണ് വീടുകള്‍ നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് വീടുകള്‍ തകര്‍ത്തത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശില്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ജപ്പാനില്‍ ഭീതി പടര്‍ത്തി മാംസം തിന്നുന്ന ബാക്ടീരിയ. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ബാക്ടീരിയ കാരണം ‘സ്ട്രെപ്റ്റോകോകല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം എന്ന രോഗമാണ് ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് രോഗം ജപ്പാനില്‍ വ്യാപകമായതെന്നാണ് റിപ്പോര്‍ട്ട്.

കായികം 🏏

🙏 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സ്‌കോട്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്തുകള്‍ ശേഷിക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

🙏 ടി20 ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലണ്ടിനെതിരെ വിയര്‍ത്തു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 106 ന് 9 എന്ന ചെറിയ സ്‌കോറിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഒരു വേള 62 ന് 6 എന്ന നിലയില്‍ പരുങ്ങുന്നതാണ് കണ്ടത്. നിര്‍ണായക വേളയില്‍ 32 റണ്‍സോടെ പുറത്താകാതെ നിന്ന ബാബര്‍ അസമിന്റെ ഇന്നിങ്‌സാണ് പാക് ടീമിനെ വിജയത്തിലേക്ക നയിച്ചത്.

🙏 യുറോ കപ്പ് ഫുട്ബോളില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് നെതര്‍ലണ്ട്സ്. മറ്റൊരു മത്സരത്തില്‍ സ്ലോവേനിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ പിടിച്ചു. രണ്ട് പേരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ഇംഗ്ലണ്ടിന് യൂറോ കപ്പില്‍ വിജയത്തുടക്കം.

Advertisement