യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയില്‍

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടര്‍ന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു.
നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കില്‍ ഇരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.