ന്യൂ ഡെൽഹി : തികച്ചും വൈകാരികമായ ഒരു വാർത്താ സമ്മേളനമായിരുന്നു ഇന്ന് വൈകിട്ട് 7.30 ന് എ ഐ സി സി ആസ്ഥാനത്ത് രാഹുൽ നടത്തിയത്.പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന മണ്ഡലം എന്ന നിലയിൽ വയനാടിനോട് വൈകാരികമായ ഒരു ബന്ധം ഉണ്ടെന്ന് സൂചിപ്പിച്ച രാഹൂൽ ഗാന്ധി സഹോദരിയെ വയനാട്ടിലേക്ക് തനിക്ക് പകരമായി ചുമതലപ്പെടുത്തി. ഒന്നിലധികം മണ്ഡലങ്ങളിൽ ജയിക്കുന്നവർ 14 ദിവസത്തിനകം ഒരു മണ്ഡലം ഒഴിയണമെന്ന നിബന്ധനയുള്ളത് കൊണ്ടാണ് ഇന്ന് എ ഐ സി സി തീരുമാനം എടുത്തത്.
സഹോദരിയിലൂടെ വയനാടുമായി ഹൃദയബന്ധം നിലനിർത്താൻ ഇതിലൂടെ രാഹുലിന് കഴിയുമെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷ.
വയനാട്ടിലേക്ക് വരുന്നത് സന്തോഷം എന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന് ഈ തെരഞ്ഞടുപ്പിൽ ഉണ്ടായ മികച്ച വിജയമാണ് രാഹുലിനെ റായ്ബറേലി നിലനിർത്താൻ പ്രേരിപ്പിച്ചത്.
എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാട്ടുന്ന ഒരു നീതികേട് എന്നാണ് വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന സി പി ഐ നേതാവ്
ആനി രാജയുടെ പ്രതികരണം. രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു എന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും പറഞ്ഞത്. തൃശൂരിലെ തോൽവിക്ക് ശേഷം മൗനത്തിലായിരുന്ന കെ.മുരളീധരനെ അനുനയിപ്പിക്കാൻ വയനാട് സീറ്റ് ഓഫർ ചെയ്തിരുന്നതായി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്ത കെ. മുരളീധരൻ വയനാട് കോൺഗ്രസിൻ്റെ പൊന്നാപുരം കോട്ടയെന്നാണ് പറഞ്ഞത്.രാഹുലിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.