തിരുവനന്തപുരം:
ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ഫോടക വസ്തുക്കളുടെ നിർമാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തി വരുന്നത്.
ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനായി ക്വാറി അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി നിയമനടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹന പരിശോധനകളും പട്രോളിംഗും നടത്തി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ കുടക്കളം സ്വദേശി വേലായുധൻ വീടിനു സമീപത്തെ കണ്ണോളി മോഹനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരുക്കേറ്റ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവമുണ്ടായി.
പോലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പാനൂരിൽ ഈയിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.