കോഴിക്കോട്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. മൂന്നാംഘട്ട അലോട്ട്മെൻറ് പൂർത്തിയായപ്പോഴും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് തുടർ പഠനത്തിന് അവസരം ലഭിക്കാതെ പുറത്തുനിൽക്കുന്നത്.ഇനി സപ്ലിമെൻററി അലോട്ട്മെൻറ് മാത്രമാണ് വിദ്യാർഥികളുടെ ഏക പ്രതീക്ഷ.
മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് പകൽപോലെ വ്യക്തം. പക്ഷെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല.ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിൽ 82,446 വിദ്യാർത്ഥികളാണ് ഇത്തവണ ഏകജാലകം വഴി പ്ലസ് വൺ സീറ്റിനായി അപേക്ഷ നൽകിയത്. ഇതിൽ മൂന്ന് ഘട്ടങ്ങളിലായി 50,036 വിദ്യാർത്ഥികൾക്കാണ് പ്രവേശനത്തിന് അവസരം ലഭിച്ചത്.ഇനി അവസരത്തിനായി കാത്തിരിക്കുന്നത് 32,410 വിദ്യാർത്ഥികൾ.ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി സംഘടനകൾ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.ഈ മാസം 25ന് ഫ്രട്ടേണിറ്റി മൂവ്മെൻറ്റെയും,26ന് കെഎസ്‌യുവിന്റെയും നേതൃത്തിൽ ബഹുജനമാർച്ച് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തും.
അതെ സമയം മെറിറ്റിൽ ഇനി ശേഷിക്കുന്നത് 44 സീറ്റുകൾ മാത്രം. മാനേജ്മെന്റ്, സ്പോർട്സ്, കമ്മ്യൂണിറ്റി ക്വാട്ടകൾ ഉൾപ്പടെ ചേർത്താലും ബാക്കിയുള്ളത് 6437 സീറ്റുകൾ.ഇത് ഉൾപ്പെടെ പരിഗണിച്ചാലും 25973 വിദ്യാർഥികൾക്ക് തുടർ പഠനം പ്രതിസന്ധിയിലാകും.
ഈ വിദ്യാർത്ഥികൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം ലഭിക്കാത്ത
സ്വകാര്യ മേഖലയെ ആശ്രയിച്ചാലും മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
കാരണം ജില്ലയിൽ അൺഎയ്‌ഡഡ് മേഖലയിൽ ശേഷിക്കുന്നത് 10877 സീറ്റുകളാണ്. ഇത് പരിഗണിച്ചാലും 15096 വിദ്യാർത്ഥികൾ പുറത്ത് തന്നെ.