ആലപ്പുഴ. വള്ളംകളി മഹോല്‍സവത്തിന് നാന്ദികുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആവേശകരമായ മത്സരത്തിനുള്ള തീവ്ര പരിശീലനത്തിലാണ് ക്ലബ്ബുകൾ. ശനിയാഴ്ച പമ്പയാറ്റിലാണ് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്നത്
മിഥുനമാസത്തിലെ മൂലം നാളിൽ നടക്കുന്ന ചമ്പക്കുളം വള്ളംകളിയ്ക്ക് ഏകദേശം നാല് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.
പമ്പയാറിലെ ഓളപ്പരപ്പിൽ തുഴയേറിയാൻ ഇക്കുറി ആറ് ചുണ്ടൻ വള്ളങ്ങളാണ് എത്തുന്നത്…കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ നടുഭാഗം ചുണ്ടൻ വള്ളം ഇത്തവണ നടുഭാഗം ബോട്ട് ക്ലബ്ബാണ് തുഴയുന്നത്.
ചമ്പക്കുളം, ആയാപറമ്പ് പാണ്ടി, സെന്റ് ജോർജ്, വലിയ ദിവാൻഞ്ചി, ചെറുതന തുടങ്ങിയ വള്ളങ്ങളാണ് മത്സരിക്കുക..മൂന്ന് ഹീറ്റ്സുകളിലായാണ് മത്സരം…രാജ പ്രമുഖൻ ട്രോഫി നേടാൻ ദിവസങ്ങൾക്കു മുൻപേ ക്ലബുകൾ പരിശീലനം തുടങ്ങി.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നതിനാൽ ഇത്തവണ ഏറെ വൈകിയാണ് വള്ളം കളി ഒരുക്കങ്ങൾ തുടങ്ങിയത്…ശനിയാഴ്ച രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിടുന്നത് ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.