വാർത്താനോട്ടം

Advertisement

2024 ജൂൺ 20 വ്യാഴം

BREAKING NEWS

👉 മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് വിക്ടർ എന്ന മത്സ്യതൊഴിലാളി മരിച്ചു.3 പേർ നീന്തി രക്ഷപ്പെട്ടു.

👉 മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടം: ലത്തീൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് നിയമസഭാ മാർച്ച്

👉കള്ളകുറിച്ചി യിൽ വിഷമദ്യ ദുരന്തത്തിൽ മരണം 32ആയി,66 പേർ ചികിത്സയിൽ

👉ചെങ്ങന്നൂരിനടുത്ത് മന്തുകയിൽ ട്രാവലർ ലോറിയിലിടിച്ച് 2 പേർക്ക് പരിക്ക്, ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.
👉 പത്തനംതിട്ടയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലാപ്പളളി സ്വദേശി ജാനകിയമ്മ (85) ആണ് മരിച്ചത്.

🌴കേരളീയം🌴

🙏 സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച 12 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🙏 സ്പെഷല്‍ ഓഫീസറെ മൂന്നാര്‍ ഭൂമി കേസില്‍ അടിയന്തരമായി നിയമിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടര്‍ക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം സ്പെഷ്യല്‍ ഓഫീസറെന്നും പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

🙏 കെഎസ്ആര്‍ടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും, ബസ് വഴിയില്‍ തടയരുതെന്നും അഭ്യര്‍ത്ഥിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പരാതി ഉണ്ടെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ അറിയിക്കാമെന്ന് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ഗണേഷ്‌കുമാറിന്റെ അഭ്യര്‍ത്ഥന.

🙏 അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്റ്റ് 29 ലേക്ക് മാറ്റിയത്.

🙏 മലപ്പുറം വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലേക്കുയര്‍ന്നു. മഞ്ഞപ്പിത്തം കൂടുതല്‍ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു. വള്ളിക്കുന്ന്, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു.

🙏 റവന്യൂ അധികൃതര്‍ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെ കൊടുമണ്ണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ പരാതിയില്‍ പത്തനംതിട്ട കൊടുമണ്ണിലെ ഓട അലൈന്‍മെന്റ് തര്‍ക്കത്തില്‍ മേഖലയിലെ പുറമ്പോക്ക് റവന്യൂ അധികൃതര്‍ അളന്നു.

🙏 ഒരു കിലോ എം.ഡി.എം.എ.യുമായിആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവതി അറസ്റ്റിലായ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൊച്ചി സ്വദേശി സഫീര്‍ ആണ് പിടിയിലായത്. ബെംഗളൂരു മുനീശ്വരനഗര്‍ സ്വദേശിനി സര്‍മീന്‍ അക്തറി (26) നെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

🙏 തിരുവനന്തപുരം അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി (34)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണു താമസിച്ചിരുന്നത്.

🇳🇪 ദേശീയം 🇳🇪

🙏 തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 32 പേര്‍ മരിച്ചു. 66 പേര്‍ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റിലായി.

🙏ജൂണ്‍ 18 ന് ഒമ്പത് ലക്ഷത്തോളം പേരെഴുതിയ കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. എന്‍ടിഎ നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏല്‍പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

🙏 സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്ന് സഖ്യകക്ഷികളോട് ആവശ്യപ്പെട്ട് ബിജെപി. ബിജെപി എംപി തന്നെ സ്പീക്കര്‍ സ്ഥാനം വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം.

🙏 ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഐസ്‌ക്രീം കമ്പനിയുടെ പുനെ ഫാക്ടറിയിലെ ജീവനക്കാരന് അപകടത്തില്‍ വിരലുകള്‍ക്ക് പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണസംഘം പരിശോധനക്കായി അയച്ചു. ഫലം വന്നശേഷം വിരല്‍ ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ കമ്പനിക്കെതിരെ പുതിയ കേസെടുക്കും.

🙏 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. 1500 കോടിയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. മൂന്നാംതവണയും പ്രധാമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്.

🙏 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ വിലയിരുത്തലുകള്‍ക്കായി വസ്തുതാന്വേഷണ സമിതികള്‍ രൂപവത്കരിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലുങ്കാന അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാര്‍ട്ടിയുടെ മോശം പ്രകടനം വിലയിരുത്താന്‍ സമിതി രൂപവത്കരിച്ചിരിക്കുന്നത്.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കെജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലായ് മൂന്നുവരെ നീട്ടി. അതേസമയം കെജ്രിവാള്‍ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ് അവന്യൂ കോടതയില്‍ പറഞ്ഞു.

🙏 ഗുജറാത്തില്‍ പൊട്ടറ്റോ ചിപ്സ് പാക്കറ്റില്‍ നിന്നും ചത്ത തവളയെ കണ്ടെത്തി. ബാലാജി വേഫേഴ്സിന്റെ ചിപ്സ് പാക്കറ്റ് പൊട്ടിച്ചപ്പോളാണ് അതില്‍ ചത്ത തവളയെ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ചിപ്സ് വാങ്ങിയ കടയില്‍ പരിശോധന നടത്തി മറ്റ് പാക്കറ്റുകള്‍ പരിശോധിച്ചു.

🙏 2024-25 ലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

🇦🇽 അന്തർദേശീയം 🇦🇴

🙏 കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്. മറ്റുനാലു പേര്‍ ഈജിപ്റ്റ് സ്വദേശികളാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.

കായികം 🏏

🙏 ടി20 സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 18 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40
പന്തില്‍ 74 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു.

🙏 യൂറോ കപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്ന അല്‍ബേനിയ, പിന്നീട് രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വഴങ്ങിയെങ്കിലും ഇഞ്ചുറി ടൈമില്‍ തിരിച്ചടിച്ച് സമനിലപിടിക്കുകയായിരുന്നു.

🙏 ഹംഗറിക്കെതിരെ ആതിഥേയരായ ജര്‍മനിക്ക് ആധികാരിക ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ച ജര്‍മനി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

🙏തുല്യശക്തികളുടെ പോരാട്ടത്തിനാണ് സ്‌കോട്ട്‌ലന്‍ഡ് – സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലെത്തുകയായിരുന്നു.

Advertisement