തിരുവനന്തപുരം: എംവി ഗോവിന്ദൻ വിചാരിച്ചാൽ സിപിഎമ്മിലോ സർക്കാരിലോ ഒരു തിരുത്തലും വരുത്താനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എംവി ഗോവിന്ദനുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈഴവർ എല്ലാ കാലത്തും സിപിഎമ്മിന് വോട്ട് ചെയ്യേണ്ടവരാണെന്ന ധാർഷ്ട്യമാണ് ഗോവിന്ദനുള്ളത്. ബിജെപിക്ക് വോട്ടു ചെയ്യുന്ന ഈഴവരെല്ലാം വർഗീയവാദികളാണെന്നാണ് ഗോവിന്ദൻ പറയുന്നത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ പ്രചരണമാണ് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരിക്കുകയാണ്. ജനവിരുദ്ധ നയങ്ങളും വർഗീയ പ്രീണനവുമാണ് ഇടതുപക്ഷത്തെ വൻതകർച്ചയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാധിപത്യവും അഴിമതിയും തുടരുമെന്നാണ് ഗോവിന്ദൻ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഇമേജ് തകർക്കാൻ ശ്രമമുണ്ടെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ ഒരു ഇമേജും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ പരിസരവാസിയായ സീനയെ സിപിഎം വേട്ടയാടുകയാണ്. സിപിഎമ്മുകാർ ബോംബ് സൂക്ഷിക്കുന്നത് കാരണം തങ്ങളുടെ കുട്ടികൾക്ക് സമീപത്തെ പറമ്പുകളിൽ കളിക്കാൻ പോലും പറ്റില്ലെന്ന് അവർ പറഞ്ഞത് ഗൗരവതരമാണ്. പാർട്ടി ഓഫീസിന് സമീപത്താണ് സ്ഫോടനമുണ്ടായത്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്താണ് ഈ നൂറ്റാണ്ടിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ നടക്കുന്നത്. സത്യം പറഞ്ഞതിന്റെ പേരിൽ സീനയെ ഒറ്റപ്പെടുത്താൻ ബിജെപി അനുവദിക്കില്ല. സിപിഎം ആദ്യ നിർത്തേണ്ടത് ബോംബ് രാഷ്ട്രീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു