പ്രൈമറിക്ക് മാത്രം അധ്യയന ദിനങ്ങളില്‍ കുറവ്,മറ്റുള്ളവ 220തന്നെ

Advertisement

തിരുവനന്തപുരം. പ്രൈമറിക്ക് മാത്രം അധ്യയന ദിനങ്ങളില്‍ കുറവ്,മറ്റുള്ളവ 220തന്നെയെന്ന് മന്ത്രി അറിയിച്ചു. അധ്യയന ദിവസങ്ങളുടെ എണ്ണം സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിൽ സമവായത്തിലെത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോത്തിലാണ് ഇതറിയിച്ചത്. പ്രൈമറി വിഭാഗത്തിന് (ക്ലാസ് 1 മുതൽ 5 വരെ) RTE ആക്ടിലെ വ്യവസ്ഥയ്ക്ക് വിധേയമായി 200 അധ്യയന ദിവസങ്ങളായി കുറവു വരുത്തുമെന്നും ബാക്കിയുള്ളവയുടെ അധ്യയന ദിവസങ്ങൾ 220 ആയി തുടരുമെന്നും മന്ത്രി അറിയിച്ചു.

ഒരേ ശമ്പള സ്കെയിലിലും സമാന തസ്തികയിലും ജോലി (PD ടീച്ചർ) ചെയ്യുന്ന പ്രൈമറി – അപ്പർ പ്രൈമറി അധ്യാപകരെ ഭിന്നിപ്പിക്കുന്ന നടപടി ആണിതെന്ന് അഭിപ്രായമുയര്‍ന്നു. എട്ടാം ക്ലാസ് വരെ RTE ആക്ടിൽ പറയുന്നതുപോലെ 1000 അധ്യയനമണിക്കൂർ ഉറപ്പാക്കി 200 അധ്യയന ദിവസങ്ങൾ ആക്കണമെന്നും 9, 10 ക്ലാസ്സുകൾക്ക് 200 അധ്യയന ദിവസങ്ങളിൽ 1200 അധ്യയനമണിക്കൂർ ആയി ക്രമീകരിക്കണമെന്നും ആവശ്യമുണ്ടായി. ഇതിനായി അധ്യയന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ആക്കണമെന്നും നിർദേശിച്ചു.
ഈ കാര്യം ഒന്നുകൂടി പരിശോധിക്കാൻ മന്ത്രി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.

പ്രൈമറി വിഭാഗത്തിന് മാത്രം അധ്യയന ദിവസങ്ങളിൽ കുറവ് വരുത്തിക്കൊണ്ടുള്ള മന്ത്രിയുടെ നിർദേശം KSTA സ്വാഗതം ചെയ്തപ്പോൾ KPSTA, NTU, AKSTU, KSTU, KAMA, KSTC, KPTA, KSTF എന്നീ സംഘടനകൾ വിയോജിച്ചു.
അധ്യയന ദിവസങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം എജി യുമായി ആലോചിച്ച് ഹൈ കോടതിയെ അറിയിക്കും.

വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച് സംഘടനകൾ ഉന്നയിച്ച പരാതി അടിയന്തിരമായി പരിഹരിക്കുന്നതാണെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി
ഫയൽ നീക്കം സംബന്ധിച്ച പുരോഗതി ഓരോ 3 ദിവസത്തിലും പരിശോധിക്കുമെന്ന് DGE യോഗത്തെ അറിയിച്ചു. ജൂലൈ 19 ന് കോഴിക്കോടും 26 ന് എറണാകുളത്തും ആഗസ്റ്റ് 05 ന് കൊല്ലത്തും ഫയൽ തീർപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദാലത്തിൽ പരിഗണിക്കേണ്ടവർക്ക് പരാതി സമർപ്പിക്കാനുള്ള അവസാന തീയതി പിന്നീട് പരസ്യപ്പെടുത്തുമെന്നും DGE അറിയിച്ചു.

അസാധുവായ UID കളിൽ മുൻവർഷത്തേക്കാൾ വളരെ കുറവ് വന്നിട്ടുണ്ടെന്നും ഈ വർഷം അവശേഷിക്കുന്നത് 2965 ആണെന്നും DGE അറിയിച്ചു.

പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് IAS, DGE എസ് ഷാനവാസ് IAS, അഡീഷണൽ ഡയറക്ടർമാരായ. എം കെ ഷൈൻ മോൻ, സി എ സന്തോഷ്, SCERT ഡയറക്ടർ Dr. ആർ കെ ജയപ്രകാശ്, കൈറ്റ് CEO കെ അൻവർ സാദത്ത്, SSK SPD സുപ്രിയ എ ആർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെൻ്റിലെയും, ഡയറക്ടറേറ്റിലെയും ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികളായ പി എസ് ഗോപകുമാർ(NTU), കെ അബ്ദുൾ മജീദ്(KPSTA), ബദറുന്നിസ(KSTA), ഒ കെ ജയകൃഷ്ണൻ(AKSTU),കെ എം അബ്ദുള്ള(KSTU), ഹരീഷ് കടവത്തൂർ(KSTC), എം തമീമുദീൻ(KAMA), പി എം രാജീവ്(KPTA), ജെ ആർ സാലു (KSTF) എന്നിവരും പങ്കെടുത്തു.

Advertisement