തൊട്ടാല്‍ പൊള്ളും പച്ചക്കറി,തീപിടിച്ച് തക്കാളി

fresh vegetables in the open air market, colorful stand
Advertisement

തിരുവനന്തപുരം . സംസ്ഥാനത്ത് പച്ചക്കറി വില മാനം മുട്ടെ. തിരുവനന്തപുരം ജില്ലയിൽ തക്കാളിക്ക് ചില്ലറ വില്പനയിൽ വില നൂറിലേക്ക് കുതിച്ചെത്തി. വില വർധനയിൽ താളം തെറ്റിച്ച് സാധാരണക്കാരുടെ കുടുംബ ബജറ്റ്.

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറിയിലേക്ക് എത്തുന്നു. എറണാകുളം ജില്ലയിൽ തക്കാളിയുടെ വില നൂറു രൂപയിലെത്തി. കോഴിക്കോട് ജില്ലയിൽ തക്കാളിക്ക് ഈടാക്കുന്നത് 82 രൂപ. തിരുവനന്തപുരത്ത് ചാല മാർക്കറ്റിൽ ചില്ലറ വിൽപ്പനയിൽ തക്കാളി ഇന്നു വിറ്റത് 80 രൂപയ്ക്ക്.. അടുത്ത ദിവസങ്ങളിൽ വില നൂറിനോടുക്കമെന്നാണ് കച്ചവടക്കാർ പറയുന്നത്.

തക്കാളി മാത്രമല്ല ഒരു വീട്ടിലെ ആവശ്യം വേണ്ടി വരുന്ന പച്ചക്കറികൾക്കെല്ലാം വില കൂടുന്നുണ്ട്. ഇഞ്ചിക്ക് കിലോ 240 രൂപയായി.ബീൻസിനും നൽകണം ഒരു കിലോയ്ക്ക് 130. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ നാൽപ്പതിലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയി ഉയർന്നു. 40 രൂപയായിരുന്ന കൈതച്ചക്ക അറുപതിലെത്തി. ഇതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ് ഉയരുന്ന പഴം -പച്ചക്കറി വിലകൾ.

തമിഴ്നാട്, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും മഴക്കെടുതി മൂലം വിളകൾ നശിച്ചു പോകുന്നതുമാണ് വില കുത്തനെ ഉയരാൻ കാരണം.