കോഴിക്കോട്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്നാണ് സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ. വെള്ളാപ്പള്ളി നടേശൻ മുൻപു നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നുവെന്നാണ് സമസ്താ മുഖപത്രത്തിലെ രൂക്ഷവിമർശനം. രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തെ ലോക്സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. ഈഴവരുടെ അവകാശങ്ങൾ ന്യൂനപക്ഷങ്ങൾ തട്ടിയെടുക്കുന്നു എന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിക്ക് ഉണ്ടെന്നും എഡിറ്റോറിയലിൽ പറയുന്നു.
മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും മറ്റൊരു ചോദ്യം. വെള്ളാപ്പള്ളി പറയുന്നത് അനുസരിച്ചല്ല ഈഴവർ വോട്ട് ചെയ്യുന്നതെന്ന വസ്തുത ഇടതുസർക്കാർ മനസ്സിലാക്കണം. യുഡിഎഫ് നേതൃത്വം തുടരുന്ന മൗനം അപകടകരമാണെന്നും എഡിറ്റോറിയലിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയത്.