ഇടുക്കി. കല്ലാറിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന കേരള ഫാംസ് ആന സഫാരി കേന്ദ്രം വനം വകുപ്പ് അടപ്പിച്ചു. ആന ഉടമയ്ക്കും, സഫാരി കേന്ദ്ര നടത്തിപ്പുകാർകുമെതിരേ വന്യജീവി സംരക്ഷണ നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ആന സഫാരി കേന്ദ്രങ്ങൾക്കും ലൈസൻസ് ഇല്ലായെന്നും വനം വകുപ്പ് കണ്ടെത്തി.
കേരള ഫാംസ് ആന സഫാരി കേന്ദ്രത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ രണ്ടാം പാപ്പാനെ ചവിട്ടി കൊന്ന ലക്ഷ്മി എന്ന ആനയ്ക്ക് പെർഫോമിങ്ങ് ആനിമൽ ആക്ട് പ്രകാരമുള്ള അനുമതിയില്ല. മുൻപും അക്രമസ്വഭാവം കാട്ടിയിട്ടുള്ള ആനയാണ് ലക്ഷ്മി. ഇതോടെയാണ് കേരള ഫാംസ് ആന സഫാരി കേന്ദ്രം പൂട്ടാൻ വനംവകുപ്പിന്റെ ഉത്തരവ്. അനുമതിയില്ലാത്ത ആനയെ ഉപയോഗിച്ചതിന് ആനയുടമ കോട്ടയം സ്വദേശി ജലാലുദ്ദീൻ, നിലവിൽ ആനയെ പരിപാലിക്കുന്ന രവീന്ദ്രൻ, ആന സഫാരി കേന്ദ്രം നടത്തിപ്പുകാരൻ കോഴിക്കോട് സ്വദേശി ബിജേഷ് എന്നിവർക്കെതികെ വനംവകുപ്പ് കേസ്സെടുത്തു. പെർഫോമിങ് ആനിമൽസ് ആക്ട് 2001ഉം, വന്യജീവി സംരക്ഷണം നിയമപ്രകാരവും ആണ് കേസ്.
ഇടുക്കിയിൽ ആന സഫാരിക്ക് അനുമതിയുള്ളത് 3 ആനകൾക്കു മാത്രമാണ്. അനുമതിയുളള ആനയെ മറയാക്കി കൂടുതൽ ആനകളെ ഉപയോഗിച്ച് സഫാരി നടത്തുകയാണിവിടങ്ങളിലെ രീതി. അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവൻ സഫാരികേന്ദ്രങ്ങൾക്കും സ്റ്റോപ് മെമ്മോ നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സോഷ്യൽഫോറസ്ട്രി എ സി എഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.