മലപ്പുറം. വൈലത്തൂരില്‍ ഓട്ടോമാറ്റിക് ഗെയ്റ്റിനിടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചത് കഴുത്തിനേറ്റ പരുക്കു മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഒടിവുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ മരണവിവരം അറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞു വീണു മരിച്ചിരുന്നു.
മുഹമ്മദ് സിനാന്‍റെ കഴുത്തിന് ഇരുഭാഗത്തുനിന്നും ഗേറ്റ് അമര്‍ന്നതു മൂലമുണ്ടായ പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ഗേറ്റിന്റെ സമ്മർദം മൂലം കഴുത്തിന് ഒടിവും ഉണ്ടായി.തിരൂർ ജില്ല ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം.ഇന്നലെ വൈകീട്ട് ആണ് വൈലത്തൂർ ചിലവിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിറ് സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്. അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് കുട്ടി ഗേറ്റിൽ കുടുങ്ങിയത്. ഗേറ്റ് തുറക്കാനുള്ള സ്വിച്ച് അമർത്തി ഗേറ്റ് തുറന്ന് തുടങ്ങിയാൽ ഉടനെ തന്നെ ഗേറ്റ് അടയാൻ കൂടിയുള്ള സ്വിച്ച് അമർത്തി ഗേറ്റ് അടയും മുൻപേ പുറത്തിറങ്ങുക എന്നതായിരുന്നു സിനാന്റെ കണക്ക് കൂട്ടൽ.എന്നാൽ ഗേറ്റ് അല്പം മാത്രം തുറന്ന ഉടനെ തന്നെ അടയാൻ കൂടി ഉള്ള സ്വിച്ച് അമർത്തിയതോടെ കുട്ടി പുറത്തെത്തും മുന്നെ ഗേറ്റ് അടഞ്ഞു.സിനാൻ ഗേറ്റിനും മതിലിനും ഇടയിൽ ഞെരിഞ്ഞു.കുട്ടിയുടെ ശരീരം പൂർണ്ണമായും ഒരുഭാഗത്ത് അല്ലാത്തതിനാൽ സെൻസറിനും തിരിച്ചറിയാനായില്ല.സംഭവ സമയത്ത് അപകടം നടന്ന വീട്ടിൽ ആളുണ്ടായിരുന്നില്ല. ഏറെനേരം ഗെയിറ്റിനുള്ളിൽ കുടുങ്ങി കിടന്ന കുട്ടിയെ അയൽവാസിയാണ് ആദ്യം കണ്ടത്.
വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുട്ടിയുടെ മുത്തശ്ശി കുഴഞ്ഞു വീണുമരിച്ചു. ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ രാത്രി 10 മണിയോടെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.മുഹമ്മദ് സിനാനെയും ആസ്യയെയും വൈലത്തൂർ ചെലവിൽ ജുമാ മസ്ജിദിൽ ഖബറടക്കി