സിപിഐ കയ്യേറ്റം നടത്തിയിട്ടില്ലെന്നു മന്ത്രി,കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

Advertisement

ഇടുക്കി. കൂട്ടാറിൽ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. പുറമ്പോക്ക് കയ്യേറി നിർമിച്ചെന്ന് റവന്യു വകുപ്പ് കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് ഓഫീസിൻറെ പ്രവർത്തനം. വാടകയ്ക്ക് എടുത്ത മുറിയിലാണ് ഓഫീസ് തുടങ്ങിയതെന്നും കയ്യേറ്റം ഉണ്ടെന്ന് അറിയില്ലെന്നുമാണ് സിപിഐ ജില്ല നേതൃത്വത്തിന്റെ നിലപാട്

സിപിഐ കയ്യേറ്റം ഒന്നും നടത്തിയിട്ടില്ലെന്നും കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും റവന്യു മന്ത്രി ആവർത്തിക്കുമ്പോഴാണ് കയ്യേറ്റഭൂമിയിൽ നിർമിച്ച കെട്ടിടത്തിൽ സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിന്റെ പ്രവർത്തനം. എസ് എൻ ഡി പി കൂട്ടർ ശാഖ യോഗമാണ്‌ കെട്ടിടം പണിതത്. പണി പുരോഗമിക്കുന്നതിനിടെ റവന്യു ഭൂമിയാണെന്ന് കണ്ടെത്തിയതോടെ അധികൃതർ സ്റ്റോപ്പ്‌ മെമ്മോ നൽകി. വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഈ മാസമാണ്‌ സിപിഐ കൂട്ടർ ലോക്കൽ കമ്മറ്റി ഓഫീസ് തുറന്നത്. ഇഷ്ടിക കെട്ടി പുതിയതായി ഒരു മുറിയും പണിതു. കെട്ടിടം പ്രവർത്തിക്കുന്നതറിഞ്ഞു ഈ മാസം കരുണപുരം വില്ലേജ് ഓഫീസർ വീണ്ടും സ്റ്റോപ്പ്‌ മെമ്മോ നൽകി. എന്നാൽ ഇത് അവഗണിച്ചു പാർട്ടി ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനത്തെക്കുറിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യു തഹാൽസിദാർ ജില്ല കളക്ടർക്ക് റിപ്പോർട്ട്‌ നൽകി. കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ ഒഴുപ്പിക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം.

എന്നാൽ പാർട്ടി നിർമാണം നടത്തിയിട്ടില്ലെന്നും വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ ഓഫീസ് തുടങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഐ ജില്ല നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയതിന് തൊട്ട് പിന്നാലെയാണ് പുതിയ സംഭവം. കയ്യേറ്റങ്ങൾതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി ആവർത്തിക്കുമ്പോഴാണ് സിപിഐ കയ്യേറ്റ ഭൂമിയിൽ ഓഫീസ് തുടങ്ങിയത്.