കൊല്ലത്ത് മുകേഷിനും ഇപിജയരാജനുമെതിരെ രൂക്ഷ വിമര്‍ശനം

Advertisement

കൊല്ലം: മുകേഷ് പറ്റിയ സ്ഥാനാര്‍ഥി ആയിരുന്നില്ല, ഇപി ജയരാജന്‍റെ പ്രസ്താവനകള്‍ വോട്ടര്‍മാരെ തിരിച്ചു, സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലാണ് മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമർനമുണ്ടായത്. സ്ഥാനാർഥി എന്നനിലയിൽ എം.മുകേഷിന്റെ പ്രവർത്തനവും സമീപനവും മോശമായിരുന്നു. പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നും വിമർശമുണ്ടായി.നടനില്‍ നിന്നും ജനകീയ നേതാവായി മുകേഷ് മാറിയിട്ടില്ല,ഇതറിഞ്ഞിട്ടാണ് പ്രേമചന്ദ്രനെതിരെ മുകേഷിനെത്തന്നെ നിശ്ചയിച്ചത്.

മുകേഷ് നിസ്സഹകരിച്ചതിനാൽ പാർട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കേണ്ടി വന്നു. പ്രേമചന്ദ്രന് എതിരെ കണ്ണൂര്‍മോഡലില്‍ നടന്ന ആക്രമണം ദോഷമാണ് ചെയ്തത്. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയർന്നു.

എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജനെതിരേ രൂക്ഷ വിമർശനമാണുണ്ടായത്.വോട്ടെടുപ്പ് ദിവസം രാവിലെ, താൻ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ്.കൺവീനറെ നിയന്ത്രിക്കണമെന്നും അവർ പറഞ്ഞു. ബി.ജെ.പി.ക്ക് മികച്ച സ്ഥാനാർഥികളാണെന്നും ചിലയിടങ്ങളിൽ ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും ജയരാജൻ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നേതാക്കൾ പറഞ്ഞു.

മുഖ്യമന്ത്രി പലതവണ കൊല്ലത്തുവന്നിട്ടും ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചില്ല. മുന്നണിയെന്നനിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ലെന്നും സ്വന്തം മണ്ഡലങ്ങളിൽപ്പോലും സി.പി.ഐ. പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ക്ഷേമപെൻഷൻ മുടങ്ങിയതും മാവേലിസ്റ്റോറിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതിരുന്നതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയതായി വിലയിരുത്തലുണ്ടായി.

Advertisement