വാർത്താനോട്ടം

Advertisement

2024 ജൂൺ 22 ശനി

BREAKING NEWS

👉ടി പി ചന്ദ്രശേഖരൻ വധകേസിലെ 3 പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം.നിയമപരമായി നേരിടുമെന്ന് കെ.കെ.രമ എം എൽ എ

👉 അടൂർ ഏനാത്ത് സ്കൂൾ വിദ്യാർത്ഥിനിയെ കെ എസ് ആർ റ്റി സി ബസ്സിൽ ശല്യം ചെയ്ത അടൂർ മുണ്ടപ്പളളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മൂക്ക് ഇടിച്ച് തകർത്ത് പെൺകുട്ടിയുടെ അമ്മ.
പ്രതിയെ പോക്സോ ചുമത്തി
അറസ്റ്റ് ചെയ്തു.

👉 കളളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 55 മരണം. 27 പേർ ഗുരുതരാവസ്ഥയിൽ.

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് ഇന്ന് മുതല്‍ വരും ദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ചുവപ്പു മുന്നറിയിപ്പും നല്‍കി.

🙏 പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

🙏 ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സിറോ മലബാര്‍ സഭാ സിനഡിന്റെ സമവായ നിര്‍ദ്ദേശവും തള്ളി അല്‍മായ മുന്നേറ്റ സമിതി. ഇളവുകളോടെ ഏകീകൃത കുര്‍ബാനയെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും ജൂലൈ മൂന്നിന് ശേഷം സഭയില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് പോകുമെന്നും അല്‍മായ സമിതി വ്യക്തമാക്കി.

🙏 പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയില്‍ മമത വയനാട്ടിലെത്തുമെന്നാണ് സൂചന.

🙏 സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍, എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമര്‍ശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ്
കുറ്റപ്പെടുത്തല്‍.

🙏 മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോട്ടും കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചില്‍
സംഘര്‍ഷമുണ്ടായി.

🇳🇪 ദേശീയം 🇳🇪

🙏 യു .ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍-യുജിസി – നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

🙏 നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🙏 മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം വൈകും. ജാമ്യം നല്‍കിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയില്‍ വിധി പറയാന്‍ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് വ്യക്തമാക്കി. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.

🙏 തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളില്‍ നിന്നാണെന്ന് സിബിസിഐഡിയുടെ കണ്ടെത്തല്‍. ദുരന്തത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

🙏 തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്ലക്കാര്‍ഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചതോടെ തിരിച്ച് വിളിച്ചു.

🙏 തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് തന്റെ അമ്പതാം പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാന്‍ കര്‍ശന നിയമം വേണമെന്ന് സൂപ്പര്‍ താരം സൂര്യയും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

🙏 ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വിള്ളല്‍. നവി മുംബൈയിലെ ഉല്‍വെയിലേക്കുള്ള റോഡിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ സേതു ഉദ്ഘാടനം ചെയ്തത്.

🙏 പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അധീര്‍
രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അദ്ദേഹം
തന്റെ രാജി പ്രഖ്യാപിച്ചത്.

🙏 ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം റെയില്‍വേ പൂര്‍ത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്.

🇦🇽 അന്തർദേശീയം 🇦🇴

🙏 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തത്.

🏏 കായികം

🙏 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

🙏 യൂറോ കപ്പിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് യുക്രെയിന്‍. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ട് ഗോളടിച്ചാണ് യുക്രൈന്‍ സ്ലൊവാക്യയെ തകര്‍ത്തത്.

🙏 മറ്റൊരു മത്സരത്തില്‍ പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് ഓസ്ട്രിയയുടെ ആധിപത്യം പ്രകടമാക്കിയത്.

🙏 കരുത്തരായ ഫ്രാന്‍സും നെതര്‍ലണ്ട്സും ഏറ്റുമുട്ടിയ മത്സരം ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. ഇരു ടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ റൂം നിഷേധിച്ചത് നെതര്‍ലന്‍ഡ്‌സിനും തിരിച്ചടിയായി.

Advertisement