ബസിൽ നിന്നും തെറിച്ച് വീണ യാത്രക്കാരിയെ വഴിയില്‍ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍

Advertisement

കോട്ടയം.ബസിൽ നിന്നും തെറിച്ച് വീണ യാത്രക്കാരിയെ ഉപേക്ഷിച്ച് ബസ് പോയി. അപകടപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്ത സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പൊടിമറ്റം സ്വദേശി സിജി മോൾക്കാണ് അപകടമുണ്ടായത് . സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. പഴുമല അംഗൻവാടിയിലെ ഹെൽപ്പറായ സിജിമോൾ ജോലിയ്ക്കായി പോകും വഴിയാണ് അപകടത്തിൽ പെട്ടത്.
ബസ്റ്റോപ്പിൽ ഇറങ്ങുവാൻ ശ്രമിക്കുന്നതിനിടെ ബസ്‌ മുൻപോട്ട് എടുക്കുകയും സിജി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. അപകടം നടന്നത് അറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്താതെ പോയി. ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയ്യാറായില്ലെന്നാണ് പരാതി.
തുടർന്ന് നാട്ടുകാരാണ് യുവതിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്.

കോട്ടയം ഇളങ്കാവ് റൂട്ടിലോടുന്ന സെറ ബസ്സിലെ ജീവനക്കാരാണ് ഇത്തരത്തിൽ യാത്രക്കാരോട് പെരുമാറിയത്. ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയ്ക്ക് പിറകിലാണ് പരുക്ക്.എട്ട് സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തു.