പിള്ളയും പിള്ളയുടെ ‘പിള്ള’യും, അറിയാതെപോയ ഒരു സ്നേഹകഥ

Advertisement

കൊല്ലം. അവിചാരിതമായ സംഭവങ്ങളിലൂടെ ശക്തമാകുന്ന ബന്ധങ്ങളെപ്പറ്റി എസ്എ സെയ്ഫ് എഴുതിയ ആര്‍ ബാലകൃഷ്ണപിള്ളയുമായുള്ള സ്നേഹകഥ ശ്രദ്ധേയമാകുന്നു. കലാകൗമുദിയില്‍ എസ്എ സെയ്ഫ് എഴുതിവരുന്ന അനുഭവം പംക്തിയിലാണ്. ആര്‍ ബാലകൃഷ്ണപിള്ള നല്‍കാന്‍ ശ്രമിച്ച സ്നേഹസമ്മാനത്തിന്‍റെ കഥ വെളിവാകുന്നത്. മാധ്യമം വീക്കിലിയില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതകഥ എഴുതിയതിലൂടെയാണ് ഇപ്പോള്‍ പിഎസ് സി അംഗമായ പത്രപ്രവര്‍ത്തകന്‍ എസ്എ സെയ്ഫ് ശ്രദ്ധേയനായത്. ആര്‍ ബാലകൃഷ്ണപിള്ള ജീവിതകഥ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്നതിനിടെയാണ് ജയിലില്‍ പോകേണ്ടി വന്നത്. ആ കാലത്തും സെയ്ഫ് ജയിലില്‍ എത്തി ആത്മകഥാകുറിപ്പുകള്‍ എഴുതുകയും അത് പ്രസിദ്ധീകരണം തുടരുകയും ചെയ്തുവന്നു. ഇത് കേരളമാകെ വിവാദമുയര്‍ത്തി. ആത്മകഥയിലെ ഏടുകള്‍ ആ കാലത്ത് ആര്‍ ബാലകൃഷ്ണപിള്ളയുടെ നിലപാടും നിലനില്‍പ്പും ആയി മാറി. ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ നേതാവില്‍ നിന്നും കേട്ടെടുക്കുന്ന വാക്കുകളുടെ മൂര്‍ച്ച രാകി എടുക്കലും ഉന്നം തീരുമാനിക്കലുംകൂടി സെയ്ഫിലെത്തിയതോടെ വിവാദങ്ങളുടെ ഘോഷയാത്രയുണ്ടായി . ജയിലില്‍ കിടക്കുമ്പോഴും ബാലകൃഷ്ണപിള്ള ചൂടേറിയ ചര്‍ച്ചാപാത്രമായി. ഇതുമൂലം വലിയ ഒരാത്മബന്ധമാണ് ഉടലെടുത്തത്. ഇന്നും കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആത്മകഥയാണ് ഡിസി ബുക്സ് പുസ്തക രൂപത്തില്‍ ഇറക്കിയ ആര്‍ ബാലകൃഷ്ണപിള്ളയുടെ ആത്മകഥ. ഇതിന്‍റെ രചനാകാലത്തെയും പില്‍ക്കാലത്തെയും സ്നേഹാനുഭവ ങ്ങളാണ് സെയ്ഫ് പറയുന്നത്.

കഥയിങ്ങനെ

ആർ. ബാലകൃഷ്ണ പിള്ള സാറിന്റെ അന്നത്തെ മുഖഭാവം ഇന്നും ഒട്ടും തന്നെ ഒളിമങ്ങാതെ മനസ്സിലുണ്ട്. അനുസരണക്കേട് കാട്ടിയ ഒരു മകനോട് അച്ഛൻ കാണിക്കുന്ന സ്നേഹം നിറഞ്ഞ പരിഭവം മുഖമാകെ നിറച്ച് വച്ച് എന്നെ നോക്കിയ നോട്ടം. എത്രമേൽ ആർ.ബാലകൃഷ്ണപിള്ള സാർ എന്നെ സ്നേഹിച്ചിരുന്നു എന്നതിന് ഇടം കൈവെള്ളയിൽ താടിയൂന്നി സജലങ്ങളായ കണ്ണുകളാൽ എന്നെ നോക്കിയിരുന്ന ഏതാനും നിമിഷങ്ങൾ എനിക്ക് ജീവനുള്ള കാലത്തോളം സാക്ഷ്യം പറയും.
2010 നവംബറിൽ ആയിരുന്നു ആ സംഭവം. ഞാനന്ന് അടൂർ താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പക്ടറാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പറ്റിയുള്ള ഒരു അനുസ്മരണക്കുറിപ്പിനായിട്ടാണ് അതിനും രണ്ടാണ്ട് മുമ്പ് ഞാൻ സാറിനെ കാണുന്നത്. അന്ന് തുടങ്ങിയ ആത്മബന്ധം മെല്ലെ അദ്ദേഹത്തിന്റെ ആത്മകഥ എഴുതാൻ ഒപ്പം കൂടുന്നതിലേക്ക് വളരുകയായിരുന്നു. ഒരുപാട് നാളത്തെ നിർബന്ധത്തിന് ശേഷമാണ് അദ്ദേഹം അതിന് വഴങ്ങിയത്. എഴുത്തും ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണവും മുറക്ക് നടക്കുകയാണ്. സാർ വീട്ടിലുള്ളപ്പോഴും എന്റെ അവധി ദിവസങ്ങൾ ക്രമീകരിച്ചുമാണ് എഴുത്ത്. എഴുതാൻ കൊട്ടാരക്കരയിലെയോ വാളകത്തെയോ വീട്ടിലെത്തുമ്പോൾ അവിടെ എന്നെ കാത്ത് അമ്മ ഇരിപ്പുണ്ടാകും. അമ്മ എന്നാൽ ആർ. ബാലകൃഷ്ണപിള്ള സാറിന്റെ പത്നി വൽസലയമ്മ. എന്റെ അമ്മയെപ്പോലെയായിരുന്നു കാഴ്ചയിൽ. എന്നോട് ഒരുപാട് സംസാരിക്കും. സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരമ്മ. സാറിന്റെ ജീവിതയാത്രയിലെ വഴിവിളക്കായിരുന്നു വൽസലയമ്മ. പ്രിയപത്നിയുടെ 2018 ജനുവരി മൂന്നിന് ഉണ്ടായ അപ്രതീക്ഷിത വിയോഗം ആർ. ബാലകൃഷ്ണ പിള്ള സാറിനെ അടിമുടി ഉലച്ചു കളഞ്ഞിരുന്നു.
അമ്മയുടെ സ്നേഹവർത്തമാനങ്ങൾക്ക് ചെവി കൊടുത്ത ശേഷമാണ് ഞാൻ സാറിന്റെ അടുത്തേക്ക് ആത്മകഥാ രചനക്കായി പോകാറുള്ളത്. കുറിക്കാനുള്ള ബുക്കും പേനയും ഒരു ഡിജിറ്റൽ റെക്കോർഡറും അവയെല്ലാം വെക്കുന്ന ഒരു ചെറിയ പ്ലാസ്റ്റിക് സഞ്ചിയുമാണ് എന്റെ പക്കലുള്ളത്. അദ്ദേഹം പറഞ്ഞു തന്നതിൽ പലതും ഇന്നും എന്റെ ഡിജിറ്റൽ റെക്കോർഡറിൽ ഭദ്രമായുണ്ട്. സാറിനെക്കുറിച്ചുള്ള ഓർമ്മകൾ നേർത്ത നൊമ്പരമായി ഉയരുമ്പോൾ കുറച്ച് നേരം ഞാനത് കേൾക്കും. മുത്തങ്ങാ വെടിവെപ്പിനെ കുറിച്ചുള്ള ഓർമ്മകൾ സാർ പറഞ്ഞു തുടങ്ങി. സ്വഛശാന്തമായൊഴുന്ന ഒരു പുഴ കടലിൽ എത്തിച്ചേരും പോലെ അദ്ദേഹത്തിന്റെ ബോധ്യങ്ങളും ഓർമ്മകളും ഡിജിറ്റൽ റെക്കോർഡറിൽ വന്ന് നിറയുകയാണ്. ഞാൻ പ്രധാന ഭാഗങ്ങൾ ബുക്കിൽ കുറിക്കുന്നുമുണ്ട്.
ഈ സമയം സാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ശങ്കരൻ കുട്ടി ചേട്ടൻ കൈയിൽ ഒരു സഞ്ചിയുമായി മുറിയിലേക്ക് കയറി വന്നു. കൃശഗാത്രനായ ശങ്കരൻ കുട്ടി ചേട്ടൻ താഴ്ന്നസ്ഥായിയിലേ സംസാരിക്കൂ. സാറിന്റെ ജീവിതത്തിലെ എല്ലാപരീക്ഷണഘട്ടങ്ങളിലും കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന ആൾ.
‘റബർ വെട്ടാൻ കാരാറെടുത്തയാൾ പൈസ തന്നു. അടുത്തയാഴ്ച വെട്ട് തുടങ്ങുമെന്ന് പറഞ്ഞു.’
സഞ്ചി മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോളാൻ സാർ ആംഗ്യം കാണിച്ചിട്ട് പറച്ചിൽ തുടർന്നു.
ശങ്കരൻകുട്ടി ചേട്ടൻ അകത്തെ മുറിയിലേക്ക് പോയി. ഏതാണ്ട് മുക്കാൽ മണിക്കൂർ പറഞ്ഞ് അന്നത്തെ എഴുത്ത് അവസാനിക്കാറായപ്പോഴേക്കും സാറിന്റെ സന്തത സഹചാരിയായ കൃഷ്ണപിള്ള ചേട്ടൻ ചായയുമായി വന്നു. ചായ കുടിക്കുന്നതിനിടെ സാർ സഞ്ചി തുറന്ന് നോക്കി. നാലഞ്ച് ലക്ഷം രൂപയുണ്ട്. സാറിന്റെ ഏക്കർ കണക്കിന് തോട്ടത്തിലെ റബർ മരങ്ങളുടെ ടാപ്പിംഗ് കരാർ എടുത്തയാൾ കൊടുത്ത അഡ്വാൻസാണ് സഞ്ചിയിൽ.
അദ്ദേഹം സഞ്ചിയിൽ നിന്ന് ആയിരം രൂപയുടെ നാല് കെട്ടുകൾ മേശപ്പുറത്ത് എടുത്തവച്ചിട്ട് എന്നോട് പ്ലാസ്റ്റിക് കവർ തുറക്കാൻ ആവശ്യപ്പെട്ടു. ശങ്കരൻ കുട്ടി ചേട്ടൻ കൊണ്ടു വന്ന സഞ്ചി ഇതോടെ ഏതാണ്ട് കാലിയായിരുന്നു. ഞാൻ അത്ഭുതത്തോടെ സാറിനെ നോക്കി.
‘ഈ രൂപ എടുത്ത് കവറിൽ വെക്ക്’
പിതൃനിർവിശേഷമായ സ്നേഹത്തോടെ എന്നോട് പറഞ്ഞ ആ വാക്കുകൾക്ക് ഒരു ആജ്ഞയുടെ സ്വഭാവം കൂടി ഉണ്ടായിരുന്നു.
ഏതാനും മാത്ര എന്തു ചെയ്യണമെന്നറിയാതെ ഇരുന്ന ഞാൻ മെല്ലെ പറഞ്ഞു.
‘ഈ പൈസ കൊണ്ടു പോകേണ്ടിവന്നാൽ ഇന്ന് ഞാൻ ഈ പണി നിർത്തും. എനിക്ക് ആനുകാലികത്തിൽ നിന്ന് ലക്കത്തിന് 3000 രൂപ വച്ച് കിട്ടുന്നുണ്ട്. അത് മതി സർ. ഞാൻ പൈസ മോഹിച്ച് എഴുതുന്നതല്ല. ദയവ് ചെയ്ത് സാർ പൈസ തരരുത്. എനിക്കത് വിഷമമാണ്’
ഇത്രയും പറഞ്ഞിട്ട് ഞാൻ തന്നെ നാല് കെട്ടും സഞ്ചിയിൽ ഇട്ടു. സാർ കുറച്ച് സമയത്തേക്ക് എന്തോ ആലോചിച്ച് ഇരുന്നു. എന്നിട്ട് ശങ്കരൻ കുട്ടി ചേട്ടനെ വിളിച്ച് സഞ്ചി അകത്തേക്ക് കൊടുത്തു വിട്ടു. ക്രൂരമായ വേട്ടയാടലുകളും പരീക്ഷണങ്ങളും നേരിട്ട ഘട്ടങ്ങളിൽ പോലും നെഞ്ചു വിരിച്ചു നിന്നിട്ടുള്ള ആ വിജിഗീഷുവിന്റെ കണ്ണുകൾ ആ നേരം നേർത്ത രീതിയിൽ നിറഞ്ഞിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന സാർ എഴുത്തിനുള്ള പ്രതിഫലം എന്ന നിലയിൽ ആ തുക തന്നു എന്ന ചിന്ത എന്നെയും വേദനിപ്പിച്ചു. അതു കൊണ്ടാണ് എന്റെ അച്ഛനോട് സംസാരിക്കുന്ന രീതിയിൽ ഞാനത് നിരാകരിച്ചത്. അത് മനസ്സിലാക്കിയാട്ടാവാം ആ വലിയ മനസ്സിന്റെ തേങ്ങലിൽ കണ്ണുകൾ നനഞ്ഞത്.
പിന്നങ്ങോട്ട് അദ്ദേഹം എന്നെ ഒരു മകനെ പോലെ കണ്ടു. അത് കണ്ട ഗണേഷേട്ടൻ ഒരിക്കൽ പാതി തമാശയെന്നോണം പറഞ്ഞു ‘അച്ഛന് എന്നെക്കാളും ഇഷ്ടം സെയ്ഫിനെ ആണ്’ എന്ന്. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് ഇളയതാണ് ഗണേഷേട്ടൻ എങ്കിലും എപ്പോഴോ മനസ്സിൽ കടന്നു കൂടിയതാണ് ജ്യേഷ്ഠ സഹോദരൻ എന്ന വികാരം. ഞാനും ഗണേഷേട്ടനും അപൂർവ്വമായോ കാണാറുള്ളൂ. എത്ര മാസത്തെ ഇടവേളക്ക് ശേഷം കണ്ടാലും ഒരു കൂടെപ്പിറപ്പിനോടുള്ള സ്നേഹവായ്പ്പോടെ ഗണേഷേട്ടൻ സംസാരിച്ചു തുടങ്ങും. എന്നോടുള്ള പരിഭവം പോലും ഗണേഷേട്ടൻ, എനിക്ക് വേദനിച്ചാലോ എന്ന് കരുതി നേരിട്ട് പറയാറില്ല. സാറും ഗണേഷേട്ടനും ഒരിക്കലും എന്റെ ജനാധിപത്യപരമായ എന്റെ ബോധ്യത്തെ പറ്റി ഒന്നും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല.
അവർ ഇരുവരും കൊട്ടാരക്കരയിലെ വീട്ടിൽ ഒന്നിച്ചുള്ള ഒരു ദിവസം ,കൃത്യമായി പറഞ്ഞാൽ 2020 ഡിസംബർ 21 രാവിലെ എട്ടരക്ക് എനിക്കൊരു വിളി വന്നു. സാറിന് കാണണം, അത്യാവശ്യമായി എത്തണമെന്ന് അറിയിച്ചു. ഞാൻ ചെന്നപ്പോൾ സാറും ഗണേഷേട്ടനും ഉണ്ട്. സാർ കിടക്കുകയാണ്. സാറിന്റെ ആരോഗ്യാവസ്ഥ മോശമായി തുടങ്ങിയ ഘട്ടമായിരുന്നു അത്. അവിടം വരെ ചെല്ലാൻ പലപ്പോഴും ആവശ്യപ്പെടുകയും ഞാൻ എത്തുകയും ചെയ്യുന്നത് പതിവായതിനാൽ ഈ വിളിയിലും പ്രത്യേകിച്ച് ഒന്നും തോന്നാതെയാണ് ചെന്നത്.
അരികിൽ കസേരയിട്ട് ഇരിക്കുകയായിരുന്ന ഗണേഷേട്ടനെ നോക്കി സാർ പറഞ്ഞു.
‘നീ പറ’
അച്ഛൻ പറ എന്ന് മറുപടി.
ഒന്നും മനസ്സിലാകാതെ ഞാൻ സാറിന്റെ കട്ടിലിനരികിൽ നിന്നു.
‘ നീ പറയെടാ’ സാർ സ്നേഹപൂർവ്വം ഗണേഷേട്ടനെ നിർബന്ധിച്ചു.
ഗണേഷേട്ടൻ പറഞ്ഞു തുടങ്ങി.
‘ കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി അച്ഛനൊപ്പം സെയ്ഫ് ഉണ്ട്. നിങ്ങൾ തമ്മിലുള്ള സ്നേഹത്തിൻറെ വലിപ്പവും എനിക്കറിയാം. വളരെ പ്രധാനപ്പെട്ടൊരു പദവിയിലേക്ക് സെയ്ഫിന്റെ പേര് നിർദ്ദേശിക്കുന്നതിൽ അച്ഛൻ എന്നോട് അഭിപ്രായം ചോദിച്ചു. ഞങ്ങൾ ഒന്നിച്ചൊരു തീരുമാനം എടുത്തു. സെയ്ഫിന്റെ പേരാണ് കൊടുക്കുന്നത്’
ഇത്രയും പറഞ്ഞിട്ട് തസ്തികയുടെ വിവരങ്ങളും നിയമനരീതിയും എല്ലാം ഗണേഷേട്ടൻ വിശദീകരിച്ചു.
അതെല്ലാം പിന്നീട് യാഥാർത്ഥ്യമായി വന്നു.
നിയമന വിവരം അറിഞ്ഞ് 2021 ഫെബ്രുവരി 10 ന്
ഞാൻ ചെന്നപ്പോൾ കിടക്കുന്ന കിടപ്പിൽ തലയിൽ ഇരുകൈകളും ചേർത്ത് വച്ച് അനുഗ്രഹിച്ചു. ആ നിമിഷങ്ങളിൽ സാറും ഞാനും കരയുകയായിരുന്നു. പിന്നെപ്പിന്നെ സാറിൻറെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരുന്നു. മൂന്ന് മാസം തികയും മുമ്പ് മേയ് മൂന്നിന് അദ്ദേഹം പോയി.
ആ മനസ്സ് നിറയെ എന്നോടുള്ള സ്നേഹമായിരുന്നു. ക്ഷിപ്രകോപിയും ഉഗ്രപ്രതാപിയും ആയിരുന്നെങ്കിലും എന്നോട് വാൽസല്യത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. കേരള രാഷ്ട്രീയത്തിലെ ആർക്കുമറിയാത്ത അണിയറക്കഥകൾ അണമുറിയാതെ പറഞ്ഞ എത്രയോ അവസരങ്ങൾ. ചിരിച്ച് ഒരു വഴിക്കായി പോകുന്ന തരം ഫലിതങ്ങൾ. ഭാവി കേരളത്തെപ്പറ്റിയുള്ള കൃത്യമായ നിഗമനങ്ങൾ. ഒക്കെയും അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞു.
സ്നേഹമായിരുന്നു അദ്ദേഹം എനിക്ക്. ഗണേഷേട്ടനോട് അന്നും ഇന്നും ഞാൻ സാറിനെ പറ്റി സംസാരിക്കുമ്പോൾ അച്ഛൻ എന്നാണ് പറയാറ്. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഗണേഷേട്ടൻ എനിക്ക് തന്നിട്ടുണ്ട്. അതും തലമുറ കൈമാറി എന്നിലേക്ക് പകർന്ന് കിട്ടിയൊരു സുകൃതം. സെയ്ഫ് ചക്കുവള്ളി 9446520362

ഒരു പത്രലേഖകനും രാഷ്ട്രീയ നേതാവും തമ്മിലുണ്ടായ ആത്മബന്ധത്തിന്‍റെ കഥ കണ്ണുനനയാതെ വായിച്ചുതീരാനാവില്ല.

Advertisement