‘കേരള’യിൽ വ്യാപക ഗ്രേസ് മാർക്ക് തട്ടിപ്പിന് നീക്കം

Advertisement

കേരളസർവ്വകലാശാല യുവജനോത്സവ മത്സരങ്ങളിൽ വിധി നിർണയം നടത്തുന്നതിനെ ചൊല്ലി യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്ന
എസ്എഫ്ഐ യിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടർന്ന് തടഞ്ഞു വച്ചിരുന്ന മത്സരവിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം.

ഒരോ ഗ്രൂപ്പിന മത്സരങ്ങളിൽ പങ്കെടുത്ത നാല് കോളേജ് ടീമു കൾക്കു വരെ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയതായികാണിച്ചാണ് ഗ്രേസ് മാർക്ക് തട്ടിപ്പിനുള്ള നൂതന മാർഗം കണ്ടെത്തിയിരിക്കുന്നത്.

കാലാവധി കഴിഞ്ഞ യൂണിവേഴ്സിറ്റി യൂണിയനാണ് യുവജനോത്സവം സംഘടിപ്പിച്ചതെ ആരോപണം നേരത്തെതന്നെ
ഉണ്ടായിരുന്നു. വിധി ന്യായത്തിലെ തർക്കത്തെ തുടർന്ന് കാസർഗോഡ്കാരനായ നൃത്ത അദ്ധ്യാപകൻ ഷാജി പൂത്തോട്ട എന്ന വിധികർത്താവ് ആത്മഹത്യ ചെയ്തത് ഏറെ ഒച്ചപ്പാടിന് കാരണമായിരുന്നു. ഷാജി അടക്കമുള്ള മൂന്നു വിധി കർത്താക്കളെ യൂണിയൻ ഭാരവാഹികളായ എസ്. എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതായും ആരോപണം ഉണ്ടായിരുന്നു.
തുടർന്ന് വിധി നിർണ്ണയ പ്രഖ്യാപനം വിസി തടഞ്ഞു. യുവജനോത്സവ നടത്തിപ്പിലെ വീഴ്ചകൾ പരിശോധിക്കാൻ സിണ്ടിക്കേറ്റിന്റെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. സമിതി ഇതേവരെ റിപ്പോർട്ട്‌ നൽകിയിട്ടില്ല.

യൂണിയന്റെ കാലാവധി നീട്ടി നൽകാൻ വിസമ്മതിച്ച വിസി യൂണിയന്റെ ചുമതല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അദ്ദേഹമാണ് ഇപ്പോൾ പുതിയ വിധി നിർണ്ണയ പട്ടിക തയ്യാറാക്കിയത്.

സർവ്വകലാശാല യൂണിയനാണ് യുവജനോത്സവ നടത്തിപ്പിന്റെ ചുമതല. മുൻകാലങ്ങളിൽ കലോത്സവങ്ങളിൽ വിധികർത്താക്കളിൽ അഴിമതി നടത്തിയതിന് കരിമ്പട്ടികയിൽ
പെട്ടവരെയും വിധിനിർണ്ണയ പാനലിൽ ഉൾപ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്.
എസ്.എഫ്.ഐ യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെയാണ് യുവജനോത്സവത്തിന്റെ ജനറൽ കൺവീനറായി നിയോഗിച്ചിരുന്നത്.

എംജി,സംസ്കൃത, കാലിക്കറ്റ്,കണ്ണൂർ സർവ്വകലാശാലകളിൽ നടന്ന യുവജനോത്സവങ്ങളിലെ വിധി നിർണയങ്ങളിലും സമാനമായ വ്യാപക പരാതികൾ  ഉയർന്നതായും എസ്.എഫ്. ഐ യുടെ നിയന്ത്രണത്തിലാണ് വിധി നിർണയം നടത്തുന്നതെന്നും എസ്. എഫ്ഐയുടെ സംസ്ഥാന നേതാക്കൾ സാംസ്കാരിക വകുപ്പ്മന്ത്രിയുടെ  ഓഫീസ് കേന്ദ്രീകരിച്ചാണ് വിധികർത്താക്കളെ നിശ്ചയിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കേരള സർവകലാശാലയിലെ യുവജനോത്സവ മത്സര വിജയികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ വൈകിയാൽ ഈ മാസഅവസാനം പ്രസിദ്ധീക രിക്കേണ്ട ബിരുദ പരീക്ഷകളുടെ  മാർക്ക് ലിസ്റ്റിൽ മത്സര  വിജയികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്കുകൾ ഉൾപ്പെടുത്താനാവില്ല.

ഗ്രൂപ്പ്‌ മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രേസ് മാർക്ക്‌ തട്ടിപ്പ് നടത്തുന്നത്. ഒരു ഗ്രൂപ്പ് ഐറ്റത്തിൽ ഉൾപ്പെടുന്ന പത്തുമുതൽ പന്ത്രണ്ടു പേർക്കു വരെ ഓരോ പേപ്പറിനും ആറു ശതമാനം മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിലാണ് കൂടുതൽ പേർക്കും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകിയിരിക്കുന്നത്.
വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാ ദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയിൽ  പങ്കെടുത്ത72   കോളേജ് ടീമികൾക്ക്  ഒന്നുംരണ്ടുമൂന്നും സ്ഥാനങ്ങൾ നൽകിയാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതിലൂടെ 800 ഓളം വിദ്യാർത്ഥികൾ കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാർക്കിന് അർഹത ലഭിക്കും.പരമാവധി ഓരോ വിദ്യാർത്ഥികൾക്കും 60 മാർക്ക് വരെ ലഭിക്കും.

വിധികർത്താക്കൾ മാർക്കിടുമ്പോൾ ഒരു മത്സരത്തിൽ നാല് ഗ്രൂപ്പുകൾക്കു വരെ ഒരേ മാർക്ക് ലഭിച്ചതാണ് തിരിമറി നടന്നിട്ടുള്ളതായി ബോധ്യപ്പെടാൻ നിമിത്തമായത്. എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ തിരിമറി നടന്നതായി ആക്ഷേപമില്ല.
ഒരേ സ്ഥാനത്തിന് ഒന്നിൽ കൂടുതൽ പേർ അർഹത നേടിയിട്ടുമില്ല.

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ മത്സര വിജയികളെ പ്രഖ്യാപിക്കുന്നതിൽ എസ്എഫ്ഐ ക്കുള്ളിലെ ചേരിതിരിവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രേസ് മാർക്ക്‌ ലക്ഷ്യംവച്ച് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനം നൽകാൻ തീരുമാനിച്ചതെന്നറിയുന്നു.

ഗ്രൂപ്പ് മത്സരങ്ങളിൽ യൂണിയനു താൽപ്പര്യമുള്ള ആരുടെയും പേരുകൾ  ഉൾപ്പെടുത്താറുണ്ട്. അവർക്കെല്ലാം ഗ്രേസ് മാർക്കിന്റെ അനുകൂലം ലഭിക്കും.ഉന്നത പഠനങ്ങൾക്കുള്ള പ്രവേശനത്തിനുള്ള കുറുക്ക് വഴിയായി വിദ്യാർത്ഥികൾ ഈ മാർഗ്ഗം കഴിഞ്ഞ നാളുകളായി പ്രയോജന പെടുത്തുന്നുണ്ട്.

സംസ്കൃത സർവകലാശാലയുടെ കഴിഞ്ഞ യുവജനോത്സവത്തിൽ ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കാത്ത ഒരു എസ് എഫ്ഐ പ്രവർത്തകയെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് മത്സരത്തിൽ പങ്കെടുത്ത മറ്റു വിദ്യാർത്ഥികൾ ചോദ്യം ചെയ്തെങ്കിലും ആ വിദ്യാർത്ഥിനി മത്സരത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നുവെന്ന വിദ്യാർഥിനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സംസ്കൃത വിസി തന്നെ ഗ്രേസ് മാർക്ക് ലഭിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ അടുത്തകാലത്ത് വിവാദമായിരുന്നു.

ഗ്രൂപ്പ് മത്സരവിധികളിൽ വ്യക്തമായ തിരിമറി നടന്നിരിക്കുന്നതായി ആക്ഷേപമുള്ളത് കൊണ്ട് ഗ്രൂപ്പ്‌ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കുകൾ  നൽകുന്നത് തടയണമെന്നും വിധി നിർണ്ണയ പട്ടിക തയ്യാറാക്കിയവർക്കെതിരെ നടപടി കൈക്കൊള്ളണ മെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ് ചാൻസർക്ക് നിവേദനം നൽകി.