മാവോയിസ്റ്റ് ആക്രമണത്തിൽ വീരചരമമടഞ്ഞ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും

Advertisement

പാലോട്. ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരചരമമടഞ്ഞ സി ആർ പി എഫ് ജവാന്‍ പാലോട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. പത്തു വർഷത്തെ സൈനിക സേവനത്തിനൊടുവിലാണ് വിഷ്ണുവിന്റെ മടക്ക യാത്ര. നാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന് കണ്ണീരിൽ കുതിർന്ന വിട.

പാലോട് ഫാം ജംഗ്ഷനിൽ അനിഴം വീട്ടിൽ രഘുവരന്റെയും അജിതയുടെയും മകനാണ് അന്തരിച്ച വിഷ്ണു. ഇരുപത്തിയഞ്ചാം വയസ്സിലാണ് സൈനിക സേവനത്തിന്റെ തുടക്കം.

സൈനികനായി ആദ്യം സേവനമനുഷ്ഠിച്ചത് കാശ്മീരിൽ ..പിന്നീട് ഝാർഖണ്ഡിലെത്തി. രണ്ടു വർഷം മുമ്പാണ് ഛത്തീസ്ഗഢിലെ പ്രശ്നബാധിത മേഖലകളിൽ സേവനത്തിനായെത്തുന്നത്. സുഖ്മ ജില്ലയിൽ സി ആർ പി എഫ് കോബ്ര ബറ്റാലിയനിലെ ജവാനായി ജോലി ചെയ്യുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ അപകടമുണ്ടായത്. മാവോയിസ്റ്റ് ആക്രമണത്തിന് തൊട്ടു മുൻപും വിഷ്ണു കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അഞ്ചു ദിവസം മുമ്പ് മേഖലയിലുണ്ടായ സംഘർഷത്തെപ്പറ്റി വിവരം പങ്കു വച്ചിരുന്നു. തൊട്ട് പിന്നാലെയാണ് വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബിനിരയായത്. ശ്രീ ചിത്ര ആശുപത്രിയിലെ നഴ്സ് നിഖിലയാണ് ഭാര്യ. നിർവ്വിൻ, നിർദ്ദേവ് എന്നിവരാണ് മക്കൾ. കുടുംബ വീട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം കാലങ്ങളായി താമസിച്ചിരുന്ന വിഷ്ണുവും കുടുംബവും സ്വന്തമായി വീട് വച്ച് താമസം മാറിയിട്ട് അധികമായില്ല.ആ വീടിന്റെ പാലു കാച്ചൽ ചടങ്ങിനായി ഒന്നര മാസം മുമ്പാണ് വിഷ്ണു അവസാനമായി നാട്ടിലെത്തിയത്. ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

Advertisement