രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരിക്കുകയാണ് കസ്റ്റംസ് ഡിആർഐ (ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) വിഭാഗം. ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 16ന് പിടികൂടിയത്.
ഇവരുടെ വയറ്റിൽ നിന്ന് കൊക്കെയ്ൻ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ഡിആർഐ വിഭാഗത്തിന്റെ ഓപ്പറേഷൻ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോഗ്രാം കൊക്കെയ്നാണ് ഇരുവരും കാപ്സ്യൂളുകളാക്കി വിഴുങ്ങിക്കടത്താൻ ശ്രമിച്ചത്. 16ന് എത്യോപ്യയിൽ നിന്ന് ഒമാൻ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്.
രാജ്യാന്തര വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോഗസ്ഥർ പിടികൂടിയത്.
പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ൻ വിഴുങ്ങിയത്. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്സ്യൂളുകൾ ഏതാനും ദിവസം കൊണ്ട് പുറത്തെടുത്തു.
1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്സ്യൂളുകളാണ് ഇതുവരെ പുറത്തെടുത്തത്.