മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി. മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനധികൃത നിർമ്മാണം തടയുന്നതിനു വേണ്ടി ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തിന്റെ കാരണമടക്കം സർക്കാർ ഇന്ന് വിശദീകരിക്കേണ്ടി വരും.
ഇടുക്കിയിൽ പട്ടയ വിതരണത്തിനായും മറ്റും സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച സർക്കാരിന് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിരുന്നു. വ്യാജ പട്ടയ കേസുകളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
മൂന്നാർ മേഖലയിൽ ഉൾപ്പെടെ നടത്തിയിട്ടുള്ള കൈയ്യേറ്റത്തിൽ കൂട്ടുനിന്ന 19 ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു ചൂണ്ടിക്കാട്ടി മുൻ ഇന്റലിജൻസ് മേധാവി രാജൻ മധേക്കർ നൽകിയ റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കാര്യത്തിലും സർക്കാരിന്റെ നിലപാട് ഇന്ന് കോടതി കേൾക്കും. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാതിരിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യമാണ് സർക്കാർ കോടതിയെ അറിയിക്കേണ്ടത് .

Advertisement