മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും

Advertisement

തിരുവനന്തപുരം. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സിൽ ആണ് ചർച്ച. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും എസ്എഫ്ഐയും പ്രത്യക്ഷ സമരത്തിൽ ഇറങ്ങുകയും ചെയ്തു. സപ്ലിമെൻററി അലോട്ട്മെൻറ് കഴിഞ്ഞാലും മലപ്പുറം ജില്ലയിൽ 7478 സീറ്റിന്റെ കുറവ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയിൽ ഇത് എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. അധിക ബാച്ചുകൾ അനുവദിക്കണമെന്നാണ് എസ്എഫ്ഐയും എം എസ് എഫും ആവശ്യപ്പെടുന്നത്.

എന്നാൽ അധിക ബാച്ചുകൾ അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതാണ് സർക്കാരിന്റെ നിലപാട്. അതേസമയം സീറ്റുകൾ വർധിപ്പിക്കുന്നത് ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനം ആകുമെന്ന ആശങ്കയും സർക്കാരിലനുണ്ട്. ഈ സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. ഇന്നത്തെ ചർച്ചയോടെ മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആകും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. അതിനിടെ വിഷയത്തിൽ പ്രതിപക്ഷ സംഘടനകളുടെ സമരം ഇന്നും തുടരും. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദും, യൂത്ത് ലീഗിന്റെ നിയമസഭാ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement