പാളങ്ങളിൽ പൊലിയുന്ന ജീവനുകൾ, രക്ഷകിനു വേണ്ടി സമരം ചെയ്ത് ഒടുവിൽ ഉത്തമനും

Advertisement


തിരുവനന്തപുരം: ട്രെയിനിൽ യാത്രചെയ്യുന്ന പതിനായിരങ്ങളുടെ ജീവന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ കൊടുംമഴയെയും കടുത്ത ചൂടിനെയും കൂസാതെ പകലെന്നോ രാത്രിയെന്നോ വ്യത്യസ്തമില്ലാതെ പാളങ്ങളിൽ ജോലി ചെയ്യുന്നവരാണ് കീമാൻമാർ. ആധുനിക കാലത്തും ഇവരുടെ ജീവന്  യാതൊരു സുരക്ഷിതത്വവും അധികൃതർ ഒരുക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ദിവസം ലക്കിടിയിൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് ചാലക്കുടി സ്വദേശി ഉത്തമൻ എന്ന ജീവനക്കാരനായിരുന്നു. കീമാൻമാരുടെ സുരക്ഷക്കായി സംവിധാനം ചെയ്ത രക്ഷക് എന്ന ഉപകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലെ മുന്നണി പോരാളിയായിട്ടും ഉത്തമനും അതായിരുന്നു വിധി. കണ്ണീരോടെ സഹപ്രവർത്തകർ ഓർക്കുന്നു.

അതിവേഗത്തിൽ ചീറിപ്പായുന്ന തീവണ്ടികളിൽ യാത്ര ചെയ്യുന്ന പതിനായിരങ്ങളുടെ സുരക്ഷിതത്വത്തിന് ,വെയിലെന്നോ മഴയെന്നോ ഇല്ലാതെ ചുമലിൽ ഭാരവും പേറി കിലോമീറ്ററുകൾ നടന്ന് ജോലി ചെയ്യുന്ന റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ‘കീമാൻ’ എന്ന ജീവനക്കാരൻ ആരോടും പരാതി പറയാനാകാതെ പിറകിൽ നിന്നും ചീറിപ്പാഞ്ഞു വരുന്ന മരണത്തെ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടു ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾ.രാജ്യത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്ന ധീര ജവാൻമാർക്കു കിട്ടുന്ന ആദരവുകളും പരിഗണനകളും കിട്ടിയില്ലെങ്കിലും ഇതും ഒരു മനുഷ്യ ജീവനായിരുന്നു എന്ന പരിഗണന എങ്കിലും അധികൃതർ തങ്ങൾക്ക് നൽകണം. ജീവനക്കാർ പറയുന്നു.


നിരവധി ജീവനുകളാണ് വർഷം തോറും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരം ജീവനക്കാരുടേതായി നഷടമാകുന്നത്. കേരളത്തിലും ഇത്തരം മരണങ്ങൾക്ക് കുറവില്ല. വാച്ചു പോലെ കെട്ടാവുന്ന അപകട മുന്നറിയിപ്പ് നൽകുന്ന രക്ഷക് ഉപകരണം ഇന്നും അകലെ. അധികൃതർ ഇത്തരം ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പൊലിഞ്ഞു പോയവരുടെ കുടുംബങ്ങളെ ചേർത്ത് നിർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Advertisement