കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി

Advertisement

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി. വായ്പ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് റിസര്‍വ് ബാങ്ക് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നബാര്‍ഡ് റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇടപാടില്‍ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

25 ലക്ഷത്തിന് മുകളില്‍ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്ന് കേരള ബാങ്കിന് അയച്ച കത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണ സമിതിയില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്തുപോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകള്‍ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടിയിട്ടുണ്ട്. രണ്ട് ലക്ഷത്തില്‍ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിന്‍ മേല്‍ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തല്‍.

Advertisement