ഞെട്ടി പാര്‍ട്ടി,പരസ്പരം വെല്ലുവിളിച്ച് സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനും പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസും

Advertisement

കണ്ണൂര്‍.ഫേസ്ബുക്കിൽ പരസ്പരം വെല്ലുവിളിച്ച് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനും പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസും. ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുന്നുവെന്ന മനുവിൻ്റെ അവകാശവാദം ആളെ കബളിപ്പിക്കാനെന്ന് ജയരാജൻ. തനിക്കെതിരായ ആരോപണത്തിൽ മനുവിനെതിരെ നിയമനടപടിയെടുക്കുമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. മകനെയും ക്വട്ടേഷൻ സംഘത്തെയും ഉപയോഗിച്ച് നാട്ടിലും വിദേശത്തും കച്ചവടങ്ങൾ കെട്ടിപ്പൊക്കിയ നേതാവാണ് ജയരാജനെന്ന് മനു തോമസ് തിരിച്ചടിച്ചു.

പാർട്ടി വിട്ടതിന് പിന്നാലെയും പരസ്യപോരിന് മടിക്കാതെ മനു തോമസ്. കണ്ണൂരിലെ ചില സി പി ഐ എം നേതാക്കൾക്ക് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. പിന്നാലെ മനുവിനെ കടന്നാക്രമിച്ച് ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ക്വട്ടേഷൻ സംഘത്തിനെതിരായി പോരാടുന്നുവെന്ന മനുവിൻറെ അവകാശവാദം ആരെ കബളിപ്പിക്കാനെന്ന് ചോദ്യം. മാധ്യമങ്ങളുടെ സി പി ഐ എം വിരുദ്ധത മനുവിന് പോരാളി പരിവേഷം നൽകുന്നുവെന്നും ജയരാജൻ്റെ പരിഹാസം. വ്യാപാര സംരഭങ്ങളിൽ നിന്നൊഴിവാകാനുളള പാർട്ടി നിർദ്ദേശം മനു അവഗണിച്ചെന്നും ജയരാജന്റെ കുറ്റപ്പെടുത്തൽ. പിന്നാലെ പി ജയരാജനെ കടുത്ത ഭാഷയിൽ മറുപടിയുമായി മനു തോമസ്. പി ജയരാജൻ്റെ ഇന്നത്തെ അവസ്ഥ ദയനീയം. സി പി ഐ എമ്മിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻ സംഘത്തെയും ഉപയോഗിച്ച് പി ജയരാജൻ കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്തെ പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി. സ്വന്തം ഫാൻസുകാർക്ക് വേണ്ടി കണ്ടൻ്റ്കൾ പാർട്ടിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചു. സംവാദത്തിനും മനുവിന്റെ വെല്ലുവിളി. ഇതിനിടെ യുവജന കമ്മീഷൻ അധ്യക്ഷൻ എംഷാജറിന് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുളള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനു പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

Advertisement