പ്ലസ് വൺ സീറ്റിന് സമരം നടത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാരെന്ന് കെടി ജലീല്‍

Advertisement

തിരുവനന്തപുരം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ സമരക്കാരെ നിയമസഭയിൽ അധിക്ഷേപിച്ച് കെ.ടി ജലീൽ.പ്ലസ് വൺ സീറ്റിന് ഇപ്പോൾ സമരം നടത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാരാണെന്നും,ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള അൺ എയ്ഡഡ്സ്കൂളുകൾ ഇവർക്ക് ഉണ്ടെന്നും ജലീൽ നിയമസഭയിൽ ആരോപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ കെ.ടി ജലീൽ സർക്കാർ കോളേജ് നൽകാതെ സ്വാശ്രയ കോളേജുകളാണ് അനുവദിച്ചതെന്ന് ലീഗ് എം.എൽ.എ. ടി വി ഇബ്രാഹിം തിരിച്ചടിച്ചു.നിയമസഭയിലെ ചോദ്യോത്തര വേളയിലുംപ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ചയായിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് കെ.റ്റി ജലീലിന്റെ അധിക്ഷേപ പരാമർശം.
സമരത്തിനു മുന്നിൽ നിൽക്കുന്ന എല്ലാ സംഘടനകൾക്കും അൺ എയ്ഡഡ് സ്കൂളുകൾ ഉണ്ട്.പൊതു വിദ്യാഭ്യാസ ക്യാമ്പയിൻ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞാൽ അതിനവർ തയ്യാറാകില്ല.പത്താം ക്ലാസ് വരെ കേക്ക് കഴിച്ച കുട്ടികൾ 11ലും 12ലും എത്തുമ്പോൾ ബ്രഡ് മതി എന്ന് പറയുന്ന അവസ്ഥയാണെന്നും ജലീൽ

2015-16 യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 25000 ത്തോളം കുട്ടികൾക്ക് പ്രവേശനം കിട്ടിയില്ലെന്നും ജലീലിന്റെ ആരോപണം. ജലീലിന് മറുപടിയുമായി ലീഗ് എം.എൽ.എ ടി.വി ഇബ്രാഹിം രംഗത്തെത്തി.1990 ൽ നായനാർ സർക്കാരിന്റെ കാലത്ത് 31 ബാച്ച് അനുവദിച്ചപ്പോൾ പത്തെണ്ണം മാത്രമാണ് മലബാറിൽ നൽകിയതെന്ന് ടി.വി ഇബ്രാഹിം.കെ.റ്റി ജലീലിനെതിരെയും ടി.വി ഇബ്രാഹിം ആരോപണം ഉയർത്തി

നിലവിൽ സഭയിലുള്ള ഇടതുപക്ഷ എംഎൽഎമാർക്ക് സ്വാശ്രയ കോളേജുകൾ ഉണ്ടെന്നും ടിവി ഇബ്രാഹിം ആരോപിച്ചു.മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചോദ്യോത്തര വേളയിൽ മറുപടി നൽകി. വിഷയത്തെ മലപ്പുറത്തിന്റെ പ്രാദേശിക പ്രശ്നമായി ലഘൂകരിക്കരുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement