തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നടത്തിയിട്ടില്ലെന്ന സർക്കാർ വാദം പൊളിയുന്നു.മൂന്നുപേർക്ക് പുറമേ ട്രൗസർ മനോജ് എന്ന പ്രതിക്കും ശിക്ഷ ഇളവ് നൽകാൻ പോലീസ് ഇന്നലെ രാത്രിയിലും ചില നടപടികൾ സ്വീകരിച്ചു എന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ.
ടി പി കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള
പട്ടികയിൽ ഉൾപ്പെടുത്തിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു തലയൂരാനാണ് സർക്കാർ ശ്രമം.
ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള
നീക്കം അടിയന്തര പ്രമേയമായി കൊണ്ടു വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഇല്ലെന്ന് പറഞ്ഞ് സ്പീക്കർ
തള്ളിക്കളയുകയാണ് ചെയ്തത്.ഇന്ന് ആദ്യ സബ്മിഷനായി പ്രതിപക്ഷ നേതാവ് വിഷയം വീണ്ടും ഉയർത്തി.അത് പരിഗണിക്കുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചു എന്ന് വാർത്താകുറിപ്പ് പുറത്തുവിട്ടു.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.പ്രതികൾക്ക് ശിക്ഷ
ഇളവ് നൽകാനുള്ള നീക്കമില്ലെങ്കിൽ പിന്നെയെന്തിനാണ് കെ കെ രമയുടെ മൊഴി ഇന്നലെയും രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ്.ഏഴാം പ്രതി ട്രൗസർ മനോജിന് കൂടി ഇളവ് നൽകാൻ നീക്കമെന്നും ആരോപണം.
മാനദണ്ഡങ്ങൾ ലംഘിച്ച് ഒരാൾക്കും ഇളവു നൽകില്ലെന്നു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ എം ബി രാജേഷ്. ഇളവ് നൽകാനുള്ള നീക്കം സജീവമാണെന്ന് കെ. കെ രമ. സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ ഇറങ്ങിപ്പോയി