ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് ക്ലോറോഫോം നൽകി ബോധംകെടുത്തിയ ശേഷമെന്ന് പ്രതി അമ്പിളി

Advertisement

തിരുവനന്തപുരം. കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു സോമനെ കൊലപ്പെടുത്തിയത് ക്ലോറോഫോം നൽകി ബോധംകെടുത്തിയ ശേഷമെന്ന് പ്രതി അമ്പിളിയുടെ കുറ്റസമ്മതം മൊഴി. സംഭവത്തിൽ മറ്റൊരാൾക്ക്‌ കൂടി പങ്കുള്ളതായി സൂചന. പിടിയിലായ മലയം സ്വദേശി അമ്പിളിക്ക് കൊല നടത്താൻ ഉള്ള ആയുധങ്ങൾ എത്തിച്ച് നല്‍കിയ പാറശാല സ്വദേശി സുനിലിനായി തിരച്ചില്‍ തുടങ്ങി. കൊല്ലപ്പെടുന്ന സമയത്ത് ദീപുവിന്റെ കൈവശമുണ്ടായിരുന്നതില്‍ ഏഴ് അര ലക്ഷം രൂപ അമ്പിളിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ഗുണ്ടായിസം, അടിപിടിയും സ്ഥിരംപണിയാക്കിയ അമ്പിളി, പിടിയിലായി ഒരു ദിവസം കഴിഞ്ഞിട്ടും കളിയിക്കാവിള പൊലീസിനെ വട്ടം കറക്കുകയാണ് . കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടി ദീപു തന്നെ പറഞ്ഞിട്ടാണ് ദീപുവിനെ കഴുത്തറുത്ത് കൊന്നതെന്ന വിചിത്രമൊഴിയാണ് അമ്പിളി ആവര്‍ത്തിക്കുന്നത്. കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഈ മൊഴിക്ക് പിന്നിലെന്ന് വിലയിരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാറശാല സ്വദേശി സുനിലിന്റെ പങ്ക് വ്യക്തമായത്. നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജിക്കല്‍ ഷോപ്പ് നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാനുള്ള സര്‍ജിക്കല്‍ ബ്ളേഡും കൊലയ്ക്ക് ശേഷം മാറാനുള്ള വസ്ത്രവും അമ്പിളിക്ക് നല്‍കിയത്. കൊലയ്ക്ക് ശേഷം രക്ഷപെടാനായി കാറില്‍ കൂട്ടിക്കൊണ്ടുവരാമെന്നും സുനില്‍ പറഞ്ഞിരുന്നതായാണ് വിവരം . കൊലയ്ക്ക് രണ്ടു ബ്ലേഡുകളാണ് അമ്പിളി കരുതിയത്. കട്ടർ ബ്ലേഡ് ഉപയോഗിച്ച് ആണ് ആദ്യം കഴുത്തറത്തത്. പക്ഷേ ബ്ലേഡ് ഒടിഞ്ഞു പോയി. തുടർന്ന് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഒടിഞ്ഞ കട്ടർ ബ്ലേഡിന്റെ ഒരു ഭാഗം ദീപുവിന്റെ വാഹനത്തിൽ നിന്ന് പോലീസിന് കിട്ടി.

സുനില്‍ നല്‍കിയ ക്വട്ടേഷനാണോ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സുനില്‍ ഒളിവിലാണ്.
കൊല്ലപ്പെടുന്ന സമയത്ത് ദീപുവിന്റെ കൈവശമുണ്ടായിരുന്ന പത്ത് ലക്ഷത്തില്‍ ഏഴ് അര ലക്ഷത്തോളം രൂപയാണ് അമ്പിളിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ബാക്കി മൂന്ന് ലക്ഷം രൂപ എവിടേയെന്നതും ദുരൂഹമായി തുടരുകയാണ്. കൊലയ്ക്ക് ശേഷം വസ്ത്രം മാറി ടീഷര്‍ട്ടും പാന്‍സും ധരിച്ച് അമ്പിളി രക്ഷപെടുന്ന ചിത്രവും പൊലീസിന് ലഭിച്ചു. അതിനാല്‍ ഒന്നിലധികം പേരുടെ ആസൂത്രണമുള്ള ക്വട്ടേഷന്‍ കൊലപാതകമെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്.അതിനിടെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒരു മെഡിക്കല്‍ സ്റ്റോറിലാണ് എത്തിയത്. ഇവിടെ കളിയിക്കാവിള പോകാൻ സഹായിക്കാണമെന്ന് അഭ്യർത്ഥിച്ചു. അവിടെവച്ച് ഫോണ്‍ വാങ്ങി വിളിച്ചു. വിളിച്ചത് പാറശാല സ്വദേശി സുനിലിനെയെന്നാണ് സംശയം