കെഎസ്ആർടിസിയെ ബ്രത്ത് അനലൈസറും ചതിച്ചാശാനേ, ഊതിയവരെല്ലാം മദ്യപര്‍, സ്ത്രീകളും പരിശോധകരും മദ്യപരായപ്പോള്‍ പൂസായത് മെഷീനോ എന്ന് സംശയം

Advertisement

കോതമംഗലം. ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന കെഎസ്ആർടിസി ജീവനക്കാരെ കണ്ടെത്തുന്നതിനായി വാങ്ങിയ ബ്രത്തലൈസർ ചതിച്ചതിന്റെ ക്ഷീണത്തിലാണ് കോതമംഗലം ഡിപ്പോയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ. സ്ത്രീ ജീവനക്കാരടക്കം മദ്യപിച്ചതായി റീഡിങ് കാണിച്ച മെഷീനിൽ ,പരിശോധകർ ഊതിയപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല. മെഷീന്റെ തകരാറാണ് കുഴപ്പങ്ങൾക്കിടയാക്കിയത് എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്

ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് കോതമംഗലം ഡിപ്പോയിൽ ഇൻസ്പെക്ടർ രവിയും , സാംസനും, ബ്രത്ത ലൈസറും ആയി രാവിലെ എത്തിയത്. പാലക്കാട് സർവീസിൽ പോകാൻ വന്ന കണ്ടക്ടർ ബിജുവിനെ ആദ്യം ഊതിച്ചു.മദ്യത്തിന്റെ സാന്നിധ്യമായി മെഷീനിൽ കാണിച്ചത് 39% റീഡിങ് .മദ്യം ഉപയോഗിക്കാത്ത ആളാണ് താനെന്ന വാദം ബിജു ഉന്നയിച്ചു. ഇതോടെ പരിശോധകരും ജീവനക്കാരുമായി വാക്ക് തർക്കമായി. സ്റ്റേഷൻ മാസ്റ്ററും ജീവനക്കാരനെ പിന്തുണച്ചു.ഇതോടെ സ്റ്റേഷൻ മാസ്റ്ററെ ഊതിച്ചായി പരിശോധന.സ്റ്റേഷൻ മാസ്റ്റർ ഷാജി സെബാസ്റ്റ്യൻ ഊതിയപ്പോൾ റീഡിങ് ആയി കാണിച്ചത് 40 ശതമാനം. തൊട്ടു പിന്നാലെ സ്ത്രീകളെയായി പരിശോധന.സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോഴും 40% റീഡിങ് കാണിച്ചു. റഷീദ എന്ന ജീവനക്കാരി ഊതിയപ്പോൾ റീഡിങ് കാട്ടിയത് 48% ശതമാനം.ഇതോടെ സംഘടിച്ച ജീവനക്കാർ പരിശോധനകർ ഊതണം എന്ന് ആവശ്യം ഉന്നയിച്ചു.ഇൻസ്പെക്ടർ രവി മെഷീനിൽ ഊതിയപ്പോൾ 45% ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി. മദ്യപിക്കാത്ത ആളുകളെ വരെ മദ്യപിച്ചതായി രേഖപ്പെടുത്തിയ മെഷീന് ഇതോടെ കുഴപ്പം ഉണ്ടെന്ന വിലയിരുത്തലിൽ എത്തി. എല്ലാം മെഷീന്റെ തലയിൽ വച്ച് കെട്ടിയശേഷം എല്ലാവരും ജോലിയിൽ പ്രവേശിച്ചു.

Advertisement