പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി അരുന്ധതി റോയ്

Advertisement

ന്യൂഡൽഹി: ഈ വർഷത്തെ പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി ബുക്കർ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയ് നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിന്‍ററിന്‍റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ പിന്‍റർ പുരസ്‌കാരം നൽകിവരുന്നത്.

2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്‍റര്‍ പുരസ്‌കാരം നല്‍കിവരുന്നത്.

ഇംഗ്ലീഷ് പെന്‍ 2009-ലാണ് പുരസ്‌കാരം സ്ഥാപിച്ചത്. ഇംഗ്ലിഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍.