കരുവന്നൂരിലെ ഇഡി നീക്കം, സിപിഎം പെട്ടിരിക്കുന്നത് വന്‍ കുരുക്കില്‍

Advertisement

തൃശൂര്‍.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിപിഐഎമ്മിനെ പ്രതിചേർത്തതോടെ മുന്‍പ് നേരിട്ടിട്ടില്ലാത്ത ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ് കേരളം ഭരിക്കുന്ന പാർട്ടി. അക്കൗണ്ടുകൾക്കപ്പുറം പാർട്ടി ഓഫീസിന്റെ സ്ഥലം തന്നെ കണ്ടുകെട്ടിയത് വൈകാരികതയ്ക്കൊപ്പം ആശങ്കയും തീർക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂരിൽ പിടിമുറുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇ ഡിയുടെ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് സിപിഐഎം കാണുന്നത്.


തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണം മാറുന്നതിനു മുൻപാണ് സിപിഐഎമ്മിനെതിരെയുള്ള ഇ ഡി കുരുക്ക്. ബിജെപി തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ അക്കൗണ്ട് തുറന്നശേഷം നടത്തുന്ന രാഷ്ട്രീയ നീക്കം. പാർലമെൻറ് തിരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂർ വിഷയം ചർച്ചയാക്കി പ്രധാനമന്ത്രി തന്നെ രംഗത്ത് എത്തിയപ്പോഴും സിപിഐഎം കൃത്യമായ വിലയിരുത്തലുണ്ടായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് അന്നേ കണക്കുകൂട്ടി. അതു ശരിവക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. കരുവന്നൂർ ബാങ്ക് ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയതും സഹകരണ വിഷയങ്ങൾ ഉയർത്തിയുള്ള പ്രചാരണത്തിലെ മേൽകൈ തന്നെയാണ് പ്രകടമാക്കുന്നത്.

കരുവന്നൂരിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിച്ചാൽ അത് വോട്ടായി മാറ്റാമെന്ന് ബിജെപിക്കും മനസിലായിട്ടുണ്ട്. കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ ഭൂമി തന്നെ കണ്ടുകെട്ടിയ സാഹചര്യത്തിൽ നിയമപരമായി ഇഡി നീക്കങ്ങളെ കൈകാര്യം ചെയ്യാനാണ് സിപിഐഎം ഒരുങ്ങുന്നത്. ഒപ്പം പാർട്ടി പ്രവർത്തകരെ അണിനിരത്തിയുള്ള പ്രതിരോധത്തിനും.