പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം… എസ്എഫ്‌ഐക്ക് ആദ്യമായി യൂണിയന്‍ നഷ്ടമായി

Advertisement

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം. ആദ്യമായാണ് എസ്എഫ്‌ഐക്ക് യൂണിയന്‍ നഷ്ടമാകുന്നത്. പതിമൂന്ന് സീറ്റുകള്‍ യുഡിഎസ്എഫ് സഖ്യം നേടിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

സ്പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറിയായി എംആര്‍ആദിത്യകൃഷ്ണനും 2020 ബാച്ച് റപ്രസന്റേറ്റീവായി അതുല്‍ പി അരുണ്‍, പിജി ബാച്ച് പ്രതിനിധിയായി ജി അഖിലുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 1993 ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളജ് യൂണിയനിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ജൂണ്‍ 18 നാണ് കെഎസ്‌യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്.