ഇടുക്കി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ കുട്ടിയുടെ കുടുംബം നീതി തേടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയൽ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം.
2021 ജൂൺ 30നാണ് നാടിന് നടുക്കിയ കൊടും ക്രൂരത നടക്കുന്നത്. സംഭവത്തിൽ കഴിഞ്ഞ ഡിസംബർ പതിനാലിനായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടു എന്ന വിചാരണ കോടതിയുടെ ഒറ്റവാക്കിയിലെ വിധിപ്രസ്താവം കേട്ടുനിന്നവരെ പോലും ഞെട്ടിച്ചു. എന്നാൽ അർജുനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പകർപ്പിൽ പോലീസിൻറെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ വിചാരണക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നൽകി. ഇതിനായി സർക്കാരിൻറെ ആവശ്യപ്രകാരം മൂന്ന് അഭിഭാഷകരുടെ പേര് കുടുംബം സർക്കാരിന് സമർപ്പിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. വാളയാർ കേസിൽ കോടതിയിൽ ഹാജരായ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയിരിക്കുന്നത്.
ഇതിനിടെ കുറ്റ വിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പോലീസ് സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ഇവരെ വിഷമത്തിലാക്കിയിട്ടുണ്ട്.
പോലീസിൻറെ വീഴ്ച മൂലമാണ് വിചാരണ കോടതിയിൽ പ്രതി രക്ഷപെട്ടതെന്ന് ഹൈക്കോടതിയിൽ തെളിയിക്കാൻ കഴിയുമെന്നാണ് കുടുംബത്തിൻറെ വിശ്വാസം.