പോലീസുകാരുടേത് നരക ജീവിതമെന്ന് പ്രതിപക്ഷം

Advertisement

തിരുവനന്തപുരം.പൊലീസ് സേനയിലെ വർധിച്ചുവരുന്ന ആത്മഹത്യ, അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലമെന്ന് പ്രതിപക്ഷം നിയമസഭയിൽ. എട്ടു മണിക്കൂർ ഡ്യൂട്ടി പൊലീസുകാർക്ക് സ്വപ്നം കാണാൻ പോലും കഴിയുന്നില്ലെന്നും പോലീസുകാരുടേത് നരക ജീവിതമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പോലീസിൽ ജോലിഭാരവും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി എന്നാൽ ആത്മഹത്യകൾക്ക് കാരണം അത് മാത്രമല്ലെന്നും വിശദീകരിച്ചു. പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഗൗരവമായി പരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി വിഷയം ലഘൂകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

അമിത ജോലിഭാരം , മാനസിക സമ്മർദ്ദം ഒപ്പം
പോലീസിലെ നിയമന നിരോധനവും രാഷ്ട്രീയ ഇടപെടലും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പ്രതിപക്ഷം
നിയമസഭയിൽ. ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ജോബീദാസിൻ്റെ അവസാനക്കുറിപ്പ് വായിച്ചാണ് അടിയന്തര പ്രമേയ അവതാരകൻ പി സി വിഷ്ണുനാഥ് വിഷയത്തിൻ്റെ ഗൗരവം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

മാനസിക സമ്മർദവും ജോലിഭാരവും പോലീസുകാർ നേരിടുന്നുവെന്നത് മറച്ച് വെയ്ക്കാതെ മുഖ്യമന്ത്രിയുടെ മറുപടി.പോലീസ് സ്റ്റേഷനുകളിൽ ബാഹ്യ ഇടപെടലുകൾ ഇല്ലെന്നും എട്ട് മണിക്കൂർ ജോലി എന്നത് പോലീസിൽ പലപ്പോഴും സാധ്യമല്ലെന്നും മുഖ്യമന്ത്രി.

പോലീസിലെ രാഷ്ട്രീയ ഇടപെടലാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്രിമിനലുകൾക്ക് രാഷ്ട്രീയ രക്ഷകർതത്വം കൊടുക്കുകയാണെന്നും വിമർശനം.

അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.