തിരുവനന്തപുരം.പകർച്ചവ്യാധികൾ സംസ്ഥാനത്തിന് ആശങ്കയായി തുടരുകയാണ്. ദിവസേന പതിനായിരത്തിലേറെ പേർ പനിബാധിച്ചു മാത്രം ആശുപത്രിയിൽ ചികിത്സയിൽ എത്തുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടർന്നുപിടിക്കുന്നത് ആരോഗ്യ വകുപ്പിനെയും കുഴക്കുന്നു.
പനിക്ക് സംസ്ഥാനത്താകെ ചികിത്സയിൽ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നു എന്നാണ് കണക്ക്. 2,29772 പേരാണ് ജൂൺ മാസത്തിൽ മാത്രമുള്ള പനി ബാധിതർ. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 2013 പേർക്ക്. ഇതിൽ മൂന്നുപേർ മരിച്ചു. കഴിഞ്ഞമാസം മഞ്ഞപ്പിത്തം ബാധിച്ചത് 690 പേർക്ക് . ഇതിൽ അഞ്ചുപേർ മരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 27 പേരാണ് മഞ്ഞപ്പിത്തം മൂലം മരിച്ചത്. മഞ്ഞപ്പിത്തം ബാധിക്കുന്നതിൽ അധികവും യുവാക്കൾക്ക് എന്നതും ആശങ്ക. മലപ്പുറം ജില്ലയിൽ നാല് സ്കൂൾ കുട്ടികൾക്ക് ഷിഗെല്ലാ രോഗബാധ സ്ഥിരീകരിച്ചത് അതീവ ഗൗരവം. ഇൻഫ്ളുവൻസ വൈറസ്, റെസ്പിറേറ്ററി സിൻസഷ്യൽ വൈറസ് എന്നിവയാണ് ഇപ്പോൾ പനി പടർത്തുന്നത്. പ്രത്യേക ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ട്. പക്ഷേ പനിബാധിതരുടെ എണ്ണം കുറയാത്തത് ആശങ്ക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കാണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം പരമാവധി ജാഗ്രത പാലിക്കാനും പൊതു ജനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്.