“അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ ജീവനക്കാർക്ക് അപ്രാപ്യമാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധം” – ഫെറ്റോ

Advertisement

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ (കാറ്റ്) ജീവനക്കാർക്ക് അപ്രാപ്യമാക്കാനുള്ള സർക്കാർ തീരുമാനം തികച്ചും ജനാധിപത്യവിരുദ്ധമാണ്. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കാൻ ജീവനക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ജൂൺ 24 നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ഭരണപരമായ പരിഹാരമാർഗങ്ങൾ വിനിയോഗിക്കാതെ ട്രൈബ്യൂണലിനെ സമീപിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദേശം. ജീവനക്കാർ പരാതി ആദ്യം അതത് വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് നൽകുകയും ആറ് മാസത്തിനകം പരാതിക്ക് അന്തിമ തീർപ്പുണ്ടായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാമെന്നുമാണ് പുതിയ നിർദേശം. ഇത് ജീവനക്കാർക്ക് സ്വാഭാവിക നീതി സമയബന്ധിതമായി ലഭിക്കാനുള്ള അവകാശത്തിൻ്റെ നിക്ഷേധമാണ്. പരാതിക്കുള്ള അവസരം ജീവനക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനം സർക്കാരിൻ്റെ ഏകാധിപത്യ മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുമ്പോൾ ജനാധിപത്യ സമ്പ്രദായത്തിൽ സാധാരണക്കാർക്ക് നീതിക്കായി സമീപിക്കാവുന്ന ആശ്രയ കേന്ദ്രങ്ങളാണ് കോടതികൾ. അതിന് വിലക്കേർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. അന്യായമായ സ്ഥലം മാറ്റം പോലുള്ള വിഷയങ്ങളിൽ ഉയരുന്ന പരാതിയിൽ വകുപ്പ് മേധാവിയുടെ തീർപ്പിനായി ആറ് മാസം കാത്തിരുന്ന ശേഷമേ ട്രൈബ്യൂണലിനെ സമീപിക്കാവൂ എന്ന സർക്കാർ നിർദേശം അപഹാസ്യമാണ്. പ്രതിവർഷം മൂവായിരത്തോളം പരാതികൾ ട്രൈബ്യൂണലിന് മുന്നിൽ എത്തുന്നത് ജീവനക്കാരുടെ കുറ്റം കൊണ്ടല്ല. സർക്കാരിൻ്റെ നീതി നിഷേധമാണിതിന് കാരണം. ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സർക്കാരിന് നീതിപീഠങ്ങളിൽ നിന്ന് തുടർച്ചയായി ലഭിക്കുന്ന തിരിച്ചടികളാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണം. തങ്ങളുടെ അഴിമതിയും സ്വജനപക്ഷപാതവും ലോകായുക്തയുടെ പരിഗണനയ്ക്ക് വന്നപ്പോൾ തിരിച്ചടി ഭയന്ന സർക്കാർ ലോകായുക്തയെ തന്നെ വന്ധ്യംകരിച്ച പാരമ്പര്യമാണുള്ളത്. അവരിൽ നിന്ന് ഇതിലേറെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വഴി സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഇല്ലാതാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ശക്തമായ പ്രക്ഷോഭത്തിനും നിയമ നടപടികൾക്കും ഫെറ്റോ ആലോചിക്കുന്നുണ്ട് എന്ന് സംസ്ഥാന പ്രസിഡണ്ട് എസ് കെ ജയകുമാർ,ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ എന്നിവര്‍ പറഞ്ഞു.




Advertisement

LEAVE A REPLY

Please enter your comment!
Please enter your name here