തിരുവനന്തപുരം. തലസ്ഥാനത്ത് ട്രിഡയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട നികുതി വാടകക്കാരായ വ്യാപാരികൾ കോർപ്പറേഷന് അടയ്ക്കണം എന്ന ട്രിഡയുടെ നിയമ വിരുദ്ധ നോട്ടീസ് വ്യാപാരികളെ ചൂഷണം ചെയ്യുവാനുള്ള ഒരു വിഫല ശ്രമമാണെന്നും, ആയത് മുഖവിലയ്ക്കെടുക്കേണ്ടതില്ലായെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ്. എസ്. മനോജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കരമന മാധവൻകുട്ടി, ജില്ലാ പ്രസിഡണ്ട്ആര്യശാല സുരേഷ്, നേതാക്കളായ വെഞ്ഞാറമ്മൂട് ശശി, അസീം മീഡിയ, നെട്ടയം മധു, പാളയം പത്മകുമാർ, കെ. ഹരി, എം. ജി. ശിവപ്രസാദ് എന്നിവർ പറഞ്ഞു.
കെട്ടിടം വാടകയ്ക്ക് കൊടുത്താലും ഉടമ തന്നെയാണ് കെട്ടിട നികുതി അടയ്ക്കേണ്ടത്. ഉടമ എന്നുള്ള നിലയിൽ കോർപ്പറേഷനിൽ കാലാകാലങ്ങളായി വരുത്തിയ കെട്ടിട നികുതി കുടിശ്ശിക തങ്ങളുടെ കെട്ടിടങ്ങളിൽ വാടകയ്ക്ക് ഇരിക്കുന്ന വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്നത് നീതി നിഷേധവും നിയമവിരുദ്ധവുമാണ്. ട്രിഡയുടെ കെടുകാര്യസ്ഥത മൂലം, വൻ തുക പിഴയായി ഒടുക്കേണ്ടി വരുന്നത് വ്യാപാരികളുടെ തലയിൽ കെട്ടി വയ്ക്കുവാൻ ശ്രമിക്കരുത്. സർക്കാർ , അർദ്ധസർക്കാർ ഉടമസ്ഥതയിലെ കെട്ടിടങ്ങളിൽ വാടകയ്ക്ക് ഇരിക്കുന്നത് സുരക്ഷിതമാണ് എന്ന് കരുതുന്നവരിൽ തെറ്റായ സന്ദേശം നൽകുവാൻ ഇത്തരം നടപടികൾ വഴിവയ്ക്കും എന്നും നേതാക്കൾ പറഞ്ഞു. ഇത് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തും.
കെ.സ്മാർട്ടിലൂടെ ലൈസൻസ് പുതുക്കുന്നതിന് കെട്ടിട നികുതിയുടെ കുടിശിക അടച്ചു തീർക്കേണ്ടത് നിർബന്ധമാണെന്ന നിബന്ധന വ്യാപാരികൾക്ക് നൽകിയ പ്രതിസന്ധി ചൂഷണം ചെയ്യുവാൻ ഗഢാലോചന നടത്തുന്നവർ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയതും, കെട്ടിടം ഉടമ, കെട്ടിട നികുതി അടയ്ക്കാത്തതിന്റെ പേരിൽ ലൈസൻസ് നിഷേധിക്കുവാൻ പാടില്ല എന്ന ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പരിശോധിക്കുന്നതും നല്ലതാണെന്ന് നേതാക്കൾ പറഞ്ഞു. കെ.സ്മാർട്ടിലെ പ്രസ്തുത നിബന്ധനകൾ മറയാക്കി ഉടമ എന്ന നിലയിലെ ബാധ്യത വ്യാപാരികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച നടപടി വ്യാപാരികളുടെ പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നതിനുള്ള ഗൂഡാലോചനയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു. ഇത് തികച്ചും അപലപനീയം ആണെന്നും നേതാക്കൾ പറഞ്ഞു.
ട്രിഡയുടെ കെട്ടിടങ്ങളിൽ വാടകയ്ക്ക് ഇരിക്കുന്ന വ്യാപാരികൾ കെട്ടിട നികുതി അടക്കണം എന്ന് കാണിച്ചു കൊണ്ട് അയച്ചിട്ടുള്ള നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.