ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. ഇത് കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതടക്കം കേസുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നത്.
മാന്നാറില്‍ കലയുടെ ഭര്‍ത്താവ് പുതിയ വീട് പണിതിട്ടും പഴയ ശുചിമുറി പൊളിച്ചിരുന്നില്ല. സംശയം തോന്നി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്‌നമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്നും നാട്ടുകാര്‍ പറയുന്നു. കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ അച്ഛന്റെ സഹോദരന്റെ മക്കളാണ് കസ്റ്റഡിയിലുള്ളത്.
കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
രണ്ടു മാസം മുന്‍പ് അമ്പലപ്പുഴയ്ക്ക് അടുത്ത് പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഊമക്കത്ത് ലഭിക്കുന്നത്.