ആലപ്പുഴയിലെ ഇഷ്ടക്കാര്‍ക്ക് താക്കീത്, എസ്എന്‍ഡിപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ

Advertisement

ആലപ്പുഴ. എസ്എന്‍ഡിപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ. എസ്എന്‍ഡിപി എന്തിനുവേണ്ടിയാണ് രൂപീകരിച്ചത് അതിന്റെ കാഴ്ചപ്പാടുകളിൽ നിന്നും ദർശനങ്ങളിൽ നിന്നും ബഹുദൂരം മാറി. എസ്എന്‍ഡിപിയെ സംഘപരിവാറിന്റെ പാളയത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും പുത്തലത്ത് ദിനേശൻ. വെള്ളാപ്പള്ളിയെ തലോടിയ സിപിഐഎം ജില്ലാ നേതൃത്വത്തിനുള്ള താക്കീതായി പുത്തലത്തു ദിനേശന്റെ പ്രസംഗം മാറി.

ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര വയലാർ സ്മാരകത്തിൽ
സംഘടിപ്പിച്ച പികെ ചന്ദ്രാനന്ദൻ പരിപാടിയിലായിരുന്നു എസ്എന്‍ഡിപി നേതൃത്വതിനെതിരായ പുത്തലത്ത് ദിനേശന്റെ രൂക്ഷവിമർശനം.
എസ്എന്‍ഡിപി അവരുടെ ദർശനങ്ങളിൽ നിന്നും മാറി. സംഘപരിവാറിന്റെ അജണ്ടകൾക്ക് വഴങ്ങി. നവോത്ഥാന മൂല്യങ്ങളെ തകർത്തെന്നും പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാട്ടി.

എസ്എൻഡിപി ക്കും ഈഴവ വിഭാഗത്തിനും സ്വാധീനമുള്ള ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി പാർട്ടി കോട്ടകളിൽ അടക്കം മൂന്നാം സ്ഥാനത്ത് എത്തിയത് പാർട്ടി യോഗങ്ങളിൽ വലിയ ചർച്ചയായി.

കേരളത്തിൽ ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലെയുള്ളവർ പ്രവർത്തിച്ചുവെന്നാണ് എംവി ഗോവിന്ദന്റെ ആരോപണം.
സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര പംക്തിയായ നേർവഴിയിൽ ഇത്‌ സംബന്ധിച്ച വിമർശനം എംവി ഗോവിന്ദൻ കടുപ്പിച്ചിരുന്നു. എന്നാൽ ആലപ്പുഴയിലെ നേതൃയോഗങ്ങളിൽ നേതാക്കൾ ഒന്നടങ്കം വെള്ളാപ്പള്ളിയെ പിന്തുണച്ചു. വോട്ട് ചോർന്നതിൽ വെള്ളാപ്പള്ളിക്ക് പങ്ക് ഇല്ലെന്നും വെള്ളാപ്പള്ളിയെ പിണക്കേണ്ടതില്ലെന്നുമായിരുന്നു ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആലപ്പുഴയിലെ നേതാക്കളുടെ നിലപാട്. എസ്എൻഡിപി നേതൃത്വത്തിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുമ്പോൾ അത് വെള്ളാപ്പള്ളിയെ പിന്തുണച്ച ജില്ലയിലെ സിപിഐഎം നേതാക്കൾക്കുള്ള താക്കീത് കൂടിയാണ്.