ഗവർണർക്കെതിരെ സ്വരാജ് നടത്തിയ പരാമർശങ്ങൾ പരിഷ്കൃത സമൂഹത്തിന് അപമാനം

Advertisement

കൊല്ലം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം എൽ എ യുമായ എം സ്വരാജ് നടത്തിയ പരാമർശങ്ങൾ കേരളീയ പരിഷ്കൃത സമൂഹത്തിന് അപമാനമാണ് എന്ന് കേരള സർവകലാശാല സെനറ്റ് മെമ്പർ പി എസ് ഗോപകുമാർ പറഞ്ഞു. എം പി, എം എൽ എ, മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ പദവികൾ വഹിക്കുന്നവർ സ്ഥിര ബുദ്ധിയുള്ളവരായിരിക്കണമെന്ന് നിഷ്കർഷിക്കുന്ന ഭരണഘടന, ഗവർണറാകുന്നതിന് ഈ യോഗ്യത വേണമെന്ന് പറയാതിരുന്നത് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകുമെന്ന് കരുതിയായിരിക്കുമെന്നാണ് സ്വരാജിൻ്റെ പരാമർശം. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ പ്രഭാഷണത്തിലാണ് സ്വരാജ് ഗവർണറെ അപമാനിച്ച് സംസാരിച്ചത്.

ഭരണഘടനയിൽ അഗാധ പാണ്ഡിത്യവും ആദർശത്തിൽ അധിഷ്ഠിതമായ പൊതുപ്രവർത്തന പാരമ്പര്യവും ഉള്ള വ്യക്തിത്വമാണ് ഗവർണറുടേത്. ആദർശത്തിൻ്റെ പേരിൽ അധികാരസ്ഥാനങ്ങൾ ഉപേക്ഷിച്ച ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ച് ആദരിച്ചവരാണ് കമ്യൂണിസ്റ്റുകൾ. ഈ കാര്യങ്ങൾ സ്വരാജിന് അറിയില്ലെങ്കിൽ ഓർമ്മയുള്ള പഴയ കമ്യൂണിസ്റ്റുകാരോട് ചോദിച്ചറിഞ്ഞ ശേഷം വേണമായിരുന്നു ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് വിവരക്കേടുകൾ പറയാൻ. മുഖ്യമന്ത്രിയുടെയും എസ് എഫ് ഐ യുടെയും വെല്ലുവിളികൾ സധൈര്യം നേരിട്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐ യുടെ ഭീഷണി അവഗണിച്ച് കോഴിക്കോട് മിഠായിത്തെരുവിലിറങ്ങിയ ഗവർണറെ തദ്ദേശവാസികൾ സ്നേഹം കൊണ്ട് പൊതിഞ്ഞത് അദ്ദേഹത്തെ കേരളീയർ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് തെളിവായിരുന്നു. സി പി എമ്മിലെ വിഭാഗീയതയുടെ ഭാഗമായി പിണറായിയുടെ പ്രീതി പിടിച്ചുപറ്റാൻ വി എസ് അച്ചുതാനന്ദനെ അപമാനിച്ചു എന്ന ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും സ്വരാജിനെതിരെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2018 ൽ പ്രളയകാലത്ത് ശമ്പരിമല അയ്യപ്പൻ്റെ വിവാഹം കഴിഞ്ഞെന്ന് വിവാദപ്രസംഗം നടത്തിയ എം സ്വരാജ് മാർക്സിസ്റ്റ് പാർട്ടിയിൽ എം എം മണിയുടെ പിൻഗാമി ആവാനുള്ള പരിശ്രമമാണ് നടത്തുന്നത്എന്നും ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.