ഓപ്പറേഷൻ ഫാനം: കല്ലുതാഴത്തെ പ്രമുഖ ഹോട്ടൽ വെട്ടിച്ചത് 25 ലക്ഷം രൂപ

Advertisement

കൊല്ലം: ഓപ്പറേഷൻ ഫാനം എന്ന പേരിൽ ജിഎസ്ടി വകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് വൻ നികുതി വെട്ടിപ്പ്. കൊല്ലം കല്ലുംതാഴത്തെ ഒരു ഹോട്ടൽ വെട്ടിച്ചത് ജനങ്ങളിൽ നിന്ന് ഈടാക്കി സർക്കാരിലേക്ക് അടയ്ക്കാതിരുന്നത് 25 ലക്ഷം രൂപ.

കഴിഞ്ഞ മാസം 26-ാം തീയതി സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തിയ സെർച്ചിൻ്റെ ഭാഗമായി കൊല്ലം ജില്ലയിലെ കല്ലും താഴത്തുള്ള പ്രമുഖ ഹോട്ടലിലും തിരച്ചിൽ നടത്തിയിരുന്നു. പൊതു ജനങ്ങളിൽ നികുതിയായി പിരിക്കുന്ന തുക മുഴുവനായും സർക്കാരിലേക്ക് അടക്കുന്നില്ലായെന്ന് കണ്ടെത്തി. എന്നാൽ ബില്ലിംഗിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിലെ വിവരങ്ങൾ നൽകാൻ സ്ഥാപനവുമായി ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ല. ഉടമയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും സഹകരിക്കാൻ തയ്യാറായില്ല.

സ്ഥാപന ഉടമയ്ക്ക് പിറ്റേ ദിവസം സമൻസ് നൽകിയെങ്കിലും ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് വകുപ്പ് കടക്കാനിരിക്കേ കഴിഞ്ഞ ദിവസം സ്ഥാപന ഉടമ ജിഎസ്ടി ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരായി. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ ബില്ലിംഗ് സോഫ്റ്റ്വെയെർ പരിശോധിച്ചപ്പോൾ വ്യാപകമായ രീതിയിൽ ബില്ലുകൾ ഡിലീറ്റ് ചെയ്തതായി ശ്രദ്ധയിൽ പെട്ടു. സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സ്ഥാപന ഉടമയും അക്കൗണ്ടൻ്റും ചേർന്ന് തലേ ദിവസം രാത്രിയാണ് ബില്ലുകൾ നശിപ്പിച്ചതെന്ന് ബോദ്ധ്യമായി. സ്ഥാപന ഉടമകൾ രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നശിപ്പിച്ച മുഴുവൻ രേഖകളും വീണ്ടെടുത്തു. ഏകദേശം 25 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായും നികുതി വകുപ്പ് കണ്ടെത്തി. സ്ഥാപനം വെട്ടിച്ച നികുതി പിടിച്ചെടുക്കുന്നതിനു പുറമേ തെളിവുകൾ നശിപ്പിച്ചതിൻ്റെ പേരിൽ സ്ഥാപന ഉടമയ്ക്കും സഹായം ചെയ്തു നൽകിയ അക്കൗണ്ടൻ്റിനും പിഴ ചുമത്താനൊരുങ്ങുകയാണ് ജിഎസ്ടി വകുപ്പ്.