ഡി ജി പി ഭൂമിയിടപാട് നടത്തിയെന്ന പരാതി, ഒത്തുതീർപ്പിന് വഴി തെളിയുന്നു

Advertisement

തിരുവനന്തപുരം. വായ്പാ ബാധ്യത മറച്ചുവെച്ച് ഡി.ജി.പി ഭൂമിയിടപാട് നടത്തിയെന്ന പരാതിയിൽ ഒത്തുതീർപ്പിന് വഴി തെളിയുന്നു. പണം കൊടുത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമം ആരംഭിച്ച് ഡി.ജി.പി. ഇടനിലക്കാർ മുഖേന പരാതിക്കാരനുമായി ചർച്ച നടത്തിയതായി സൂചന.

സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി വിൽപ്പന കേസ് വിവാദമായതോടെയാണ് ഒത്തുതീർപ്പിനുള്ള ശ്രമം ആരംഭിച്ചത്. പരാതിക്കാരനായ പ്രവാസി ഉമർ ഷരീഫും ആയി ഡിജിപിയുടെ ഇടനിലക്കാർ സംസാരിച്ചു. മുഴുവൻ തുകയും പലിശയും തിരിച്ചു നൽകാമെന്നാണ് വാഗ്ദാനം. 30 ലക്ഷം രൂപ ഉടൻ കൈമാറി കേസ് ഒഴിവാക്കാനാണ് ശ്രമം. പണം നൽകുന്ന മുറയ്ക്ക് പരാതിക്കാരൻ കോടതിയെ കൊര്യം അറിയിച്ച് പിന്മാറുമെന്നാണ് സൂചന. പരാതിയിൽ ഇൻ്റലിജൻസും അന്വേഷണം തുടങ്ങി. പരാതിക്കാരനിൽ നിന്നും ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിവാദം പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയ നാണക്കേട് വലുതാണ്. ഭൂമിയുടെ പേരിലുള്ള ലോൺ വിവരം മറച്ചുവെച്ച് വില്പന കരാർ ഉണ്ടാക്കി എന്നുള്ളതാണ് പരാതി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. പിന്നാലെയാണ് കോടതിയിൽ നിന്ന് അസാധാരണ ഇടപെടൽ ഉണ്ടായതും വിഷയം വിവാദമായതും.